ആഡംബര ജീവിതം : സിപിഐഎം എം.പിയ്ക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഷൻ

#

കൊൽക്കത്ത(02.06.2017)  : ആഡംബര ജീവിതത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സിപിഐഎം എം.പിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. രാജ്യസഭാ എം.പിയും എസ്.എഫ്.ഐ മുൻ ജനറൽ സെക്രട്ടറിയുമായ ഋതബ്രത ബാനർജിയ്ക്കെതിരേയാണ് പാർട്ടി നടപടി. സിപിഐ(എം)ന്റെ പശ്ചിമബംഗാൾ ഘടകമാണ് ബാനർജിയെ മൂന്ന് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. ആപ്പിൾ വാച്ചും മോണ്ട് ബ്ലാങ്കിന്റെ പേനയുമടക്കം എം.പി നയിക്കുന്ന ആർഭാട ജീവിതം സമൂഹമാധ്യമങ്ങളിലുൾപ്പെടെ നേരത്തെ വിമർശന വിധേയമായിരുന്നു.

ഒരു ഫുട്ബാൾ മത്സരം കാണാനെത്തിയ എം.പി ലക്ഷങ്ങൾ വിലവരുന്ന വാച്ചും പേനയും ഉൾപ്പെടുന്ന ഫോട്ടോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പാർട്ടി അനുഭാവികൾ തന്നെ ഇതിനെ വിമർശിച്ച് രംഗത്ത് വന്നെങ്കിലും ചോദ്യം ഉന്നയിച്ച പാർട്ടി അനുഭാവിയായ ചെറുപ്പക്കാരനെ ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സ്വന്തം ലെറ്റർപാഡിൽ കത്തെഴുതുകയാണ് ഋതബ്രത ചെയ്തത്. ഇ മെയിൽ പുറത്ത് വന്നതോടെ വലിയ വിവാദമായി മാറി. പാർട്ടി പരിപാടികളിൽ ഋതബ്രതയുടെ മോശം പെരുമാറ്റവും അച്ചടക്ക നടപടിക്ക് കാരണമായി.