ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: തന്നെ ന്യായീകരിച്ച എം.എം.മണിക്ക് നന്ദി പറഞ്ഞ് ടോം സക്കറിയ

#

ഇടുക്കി (05-06-17) : റവന്യൂ വകുപ്പിന്റെ കണക്കുകൾ പ്രകാരവും പരിശോധനകളുടെ അടിസ്ഥാനത്തിലും മൂന്നാറിലെ ഏറ്റവും വലിയ കയ്യേറ്റക്കാരൻ സ്പിരിറ്റ് ഓഫ് ജീസസ് ഉടമ ടോം സക്കറിയയും കുടുംബവുമാണ്. എന്നാൽ ടോം സക്കറിയയും കുടുംബവും കയ്യേറ്റക്കാരല്ല കുടിയേറ്റക്കാർ മാത്രമാണ് എന്നായിരുന്നു ജില്ലയിൽ നിന്നുള്ള മന്ത്രി എം.എം.മണിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട്. ടോം സക്കറിയ കയ്യേറിയ പാപാതിച്ചോലയിൽ സ്ഥാപിച്ച കുരിശിൽ തട്ടി കയ്യേറ്റം ഒഴിപ്പിക്കൽ നിലച്ചപ്പോൾ എല്ലാവരും സംശയിച്ചു അരുപറയുന്നതാണ് ശരിയെന്ന്. എന്നാൽ ആരായിരുന്നു ശരിയെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. താൻ കയ്യേറ്റക്കാരനല്ലെന്നു വാദിച്ച മന്ത്രി എം.എം.മണിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ടോം സക്കറിയയുടെ വെളിപ്പെടുത്തലാണ് വിവാദത്തിന് പുതിയ മാനം നൽകുന്നത്.

"ടോം സക്കറിയ കയ്യേറ്റക്കാരനല്ലെന്നു  മന്ത്രി എം.എം.മണിഎന്ന വാർത്ത ഞാൻ വിദേശരാജ്യത്തിരുന്നാണ് കണ്ടത്. ഇത് കണ്ട ഞാൻ അത്ഭുതപ്പെട്ടു. ഇന്നേവരെ നേരിൽ കണ്ടിട്ടില്ലാത്ത എനിക്കുവേണ്ടി വാദിച്ചതിനുള്ള പ്രത്യുപകരമായി കൊലപാതക കേസിൽ അദ്ദേഹത്തെ ദൈവം കുറ്റവിമുക്തനാക്കുകയും ചെയ്തു." എന്നിങ്ങനെ  സ്പിരിറ്റ് ഓഫ് ജീസസ് മുഖമാസികയിലാണ് ടോം സക്കറിയ മന്ത്രിയോടുള്ള നന്ദി പ്രകടിപ്പിക്കുന്നത്. മന്ത്രി മണിക്ക് മാത്രമല്ല കുരിശിനുവേണ്ടി വാദിച്ച മുഖ്യമന്ത്രി പിണറായി വിജയനും ടോം സക്കറിയ നന്ദി അറിയിക്കുന്നുണ്ട്. തൻ കയ്യേറ്റക്കാരനല്ലെന്ന് വാദിച്ച ഇരുവരെയും ടി.വിയിലും പത്രത്തിലും കണ്ടുള്ള പരിചയം മാത്രമേ ഉള്ളുവെന്നും ടോം സക്കറിയ പറയുന്നു.

ഒരു പരിചയവും ഇല്ലാത്ത ഒരാൾ  ഭൂമി കയ്യേറിയിട്ടില്ലെന്ന് സംസ്ഥാനത്തെ ഒരു മന്ത്രി തറപ്പിച്ചു പറയുന്നതും ടോം സക്കറിയയുടെ നന്ദി പ്രകടനവും കൂട്ടി വായിക്കുമ്പോഴാണ് സംശയങ്ങൾ ഉയരുന്നത്. ഏക്കറുകണക്കിന്  സർക്കാർ ഭൂമി കയ്യേറി കോടീശ്വരന്മാരായ ടോം സക്കറിയയെയും കുടുംബത്തിനെയും സർക്കാർ വെള്ള പൂശാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.. വീടുവയ്ക്കാനും കൃഷി ചെയ്യാനും ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസി ദളിത് ജനങ്ങൾ ഇപ്പോഴും ഭൂരഹിതരായി തുടരുമ്പോഴാണ് കുരിശ് മറയാക്കി ഭൂമി കയ്യേറ്റം നടത്തുന്നവർക്ക് വേണ്ടി വാദിക്കാൻ ഉന്നത സ്ഥാനങ്ങളിലുള്ളവർ മുന്നോട്ടു വരുന്നത് എന്നതാണ് വൈരുദ്ധ്യം.