ഖത്തര്‍ ഉപരോധം : നടപടിയെ പിന്തുണച്ച് ട്രംപ്

#

വാഷിംഗ്ടണ്‍ (06-06-17) : ഖത്തറിന് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധ നടപടിയെ പൂര്‍ണ്ണമായും പിന്തുണച്ച് യു.എസ്.പ്രസിഡന്റെ്‌ഡൊണാള്‍ഡ് ട്രംപ്. ഭീകരവാദത്തിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുന്ന നീക്കമെന്നാണ് ഖത്തറിനെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള മറ്റ് രാജ്യങ്ങളുടെ നടപടിയെ ട്രംപ് വിശേഷിപ്പിച്ചത്. തന്റെ സൗദി സന്ദര്‍ശനം ഫലം കണ്ടെന്നും സൗദി രാജാവുമായി താന്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്തിരുന്നതായും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

സൗദി സന്ദര്‍ശനത്തിനിടെ തന്നെ വിവിധ ലോക നേതാക്കള്‍ ഖത്തര്‍ ഭീകവാദത്തിനായി സാമ്പത്തിക പിന്തുണ നല്‍കുന്നുവെന്നത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് യു.എ.ഇ, സൗദി അറേബ്യ, ഈജിപ്റ്റ്, യെമന്‍,ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. തങ്ങളുടെ ഒറ്റപ്പെടുത്താനുള്ള വിവിധ രാജ്യങ്ങളുടെ തീരുമാനത്തിന് പിന്നില്‍ ട്രംപ് ആണെന്നാണ് ഖത്തറിന്റെ ആരോപണം. വിഷയത്തില്‍ ഇതാദ്യമായാണ് ട്രംപിന്റെ പ്രതികരണമെത്തിയിരിക്കുന്നത്.