ഗോപാലകൃഷ്ണന്റെ വിദ്വേഷപ്രസംഗം ; പോലീസ് കണ്ണടയ്ക്കുന്നതെന്തിന്?

#

(19.06.2017) മതവിദ്വേഷം നിറഞ്ഞ പ്രസംഗവുമായി വീണ്ടും രംഗത്തെത്തിയ സംഘപരിവാർ പ്രഭാഷകൻ ഡോ.എൻ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. തുടർച്ചയായി മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകാത്തത് കൊണ്ടാണ് വീണ്ടും വീണ്ടും കൂടുതൽ രൂക്ഷമായി വർഗീയ പ്രചാരണം നടത്താൻ ഇയാൾ തയ്യാറാക്കാക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്. നേരത്തെ മലപ്പുറത്തെ സ്ത്രീകൾ പന്നികളെ പോലെ പെറ്റു കൂട്ടുകയാണെന്ന് പറഞ്ഞ ഗോപാലകൃഷ്ണനെതിരെ തൃശൂർ സ്വദേശി രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ ഇയാൾക്കെതിരെ ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ല. ഈ വിട്ടുവീഴ്ചയുടെ പിൻബലത്തിലാണ് ക്രിസ്ത്യാനികൾക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പുതിയ പ്രസംഗവുമായി ഗോപാലകൃഷ്ണൻ രാഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് ക്രിസ്ത്യന്‍ മത വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉത്തരേന്ത്യയില്‍ ഹിന്ദുമത വിശ്വാസികളെ മതംമാറ്റി ക്രിസ്ത്യന്‍ മതം വളര്‍ത്തുകയാണെന്നും ഗോപാല കൃഷ്ണന്‍ ആരോപിക്കുന്നു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ കൂട്ടത്തോടെ മതപരിവർത്തനം നടത്തി കൃസ്ത്യാനികൾ ആക്കുകയാണ്. അരുണാചല്‍ പ്രദേശില്‍ ജനസംഖ്യ എട്ടര ലക്ഷമായി വര്‍ദ്ധിച്ചിരിക്കുന്നതായും അതില്‍ ആറരലക്ഷം പേര്‍ ക്രിസ്ത്യാനികളായി മാറിയിരിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. 2.8 ശതമാനം ക്രൈസ്തവര്‍ മാത്രമേ ഇന്ത്യയിലുള്ളുവെന്നാണ് ഹിന്ദുക്കളൊക്കെ കരുതുന്നത്. എന്നാല്‍ ഇന്ന് 18 ശതമാനമാണ് ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം. കേരളത്തില്‍ 51 ശതമാനം ഹിന്ദുക്കള്‍ ഉണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ 38 ശതമാനം ഹിന്ദുക്കള്‍ മാത്രമേ സംസ്ഥാനത്തു നിലവിലുള്ളു. ഗോപാലകൃഷ്ണന്‍ പ്രസംഗത്തിൽ പറയുന്നു.

യേശുക്രിസ്തു അക്രമത്തിന് ആഹ്വാനം ചെയ്‌തെന്നും ഗോപാലകൃഷ്ണൻ പ്രസംഗത്തിൽ വാദിക്കുന്നു. തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യണമെന്നു യഹോവയും ക്രിസ്തുവും അനുയായികളോടു ആവശ്യപ്പെട്ടിരുന്നുവെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. ക്രൈസ്തവ മതവ്യാപനം തടയാനും ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തതുപോലെ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നും ഗോപാലകൃഷ്ണൻ ആഹ്വാനം ചെയ്യുന്നു. ഇന്ത്യയിലെ ഹിന്ദുക്കളെ മതം മാറ്റാന്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ 69,000 കോടി രൂപ ഇന്ത്യയിലേക്ക് ഒഴുക്കിയിട്ടുണ്ടെന്നുള്ള ആരോപണവും ഗോപാലകൃഷ്ണന്‍ ഉന്നയിക്കുന്നുണ്ട്.

നേരത്തെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ പ്രസംഗിച്ച ശംസുദ്ധീൻ പാലത്ത് എന്ന ഇസ്ലാമിക പ്രഭാഷകന് നേരെ യു.എ.പി.എ ചുമത്തിയിരുന്നു. ആ പരാതി നൽകിയ അഡ്വ.ഷുക്കൂർ തന്നെ ഹിന്ദു ഐക്യവേദി നേതാവും വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ പ്രസിദ്ധയുമായ ശശികലയ്‌ക്കെതിരെ അദ്ദേഹം തന്നെ സമാനമായ പരാതി തെളിവ് സഹിതം നൽകിയെങ്കിലും യു.എ.പി.എ പ്രകാരം കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നീടും ഗോപാലകൃഷ്ണനും ശശികലയ്ക്കും എതിരെ പലരും പരാതി നൽകിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതാണ് വീണ്ടും വീണ്ടും വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രസംഗങ്ങൾ നടത്താൻ ഇവർക്ക് പ്രോത്സാഹനമാകുന്നത്.