പുതുവൈപ്പ് : കാനം രാജേന്ദ്രൻ ഇന്ന് സമരപ്പന്തലിൽ

#

കൊച്ചി (20.06.2017) : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് പുതുവൈപ്പ് സമരപ്പന്തൽ സന്ദർശിക്കും. ജനകീയ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാം എന്ന് കരുതുന്ന രാഷ്ട്രീയ മുന്നണി അല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് കാനം പറഞ്ഞു. ഐ ഓ സി പ്ലാന്റിന് സംരക്ഷണം നൽകാൻ കോടതി നിർദേശം ഉള്ളത് കൊണ്ടാണ് സമരത്തെ നേരിടുന്നത് എന്ന് പറയുന്ന പോലീസ് മറൈൻ ഡ്രൈവിൽ പ്രകടനം നടത്തുന്ന സമരക്കാരെ എന്തിനാണ് തല്ലി ചതക്കുന്നത് ? സ്ത്രീകളെയും കുട്ടികളെയും തല്ലി ചതക്കുകയും ,പ്രായമായവരെ പോലും പിന്നാലെ ചെന്ന് ലാത്തി ചാർജ് നടത്തുകയും ചെയ്യുന്നതിനെ നരനായാട്ട് എന്നല്ലാതെ എന്താണ് പറയുകയെന്നും കാനം ചോദിച്ചു.

സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ 63 പേരും വൈപ്പിൻകാർ ആണ് .പദ്ധതിയിൽ ജനങ്ങൾക്ക് ആശങ്ക ഉണ്ട് .അവരുടെ ആശങ്ക ദൂരീകരിക്കാൻ സർക്കാരിന് ബാധ്യത ഉണ്ട് . പ്ലാന്റ് വരുന്നു എന്നറിഞ്ഞ സമയം മുതൽ അവിടെ ഉള്ള ജനങ്ങൾ നിയമ വഴിയിലൂടെയുള്ള പോരാട്ടത്തിൽ ആയിരുന്നു . ഇപ്പോൾ മൂന്ന് മാസക്കാലമായി അവിടെ പ്രത്യക്ഷ സമരം തുടങ്ങിയിട്ട് . സമരത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്നു പറഞ്ഞു തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഉള്ള ശ്രമം ആണ് പോലീസ് നടത്തുന്നത് എന്നും കാനം രാജേന്ദ്രൻ ആരോപിച്ചു. പുതുവൈപ്പ് സമരത്തിന് നേർക്കുണ്ടായ പോലീസ് നടപടിയിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കാനം സമരപന്തൽ സന്ദർശിക്കുന്നത്. സർക്കാരിന്റെ പോലീസ് നയം പ്രസ്താവനയിലല്ല പ്രവൃത്തിയിലൂടെ കാണിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് സിപിഐ മുഖപത്രം ജനയുഗം മുഖപ്രസംഗം എഴുതിയിരുന്നു.