മുഖ്യമന്ത്രിക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ പറയണം : സിപിഐ ജില്ലാ സെക്രട്ടറി

#

കൊച്ചി (20.06.2017) : പുതുവൈപ്പ് സമരത്തിനെതിരായ പോലീസ് നടപടിയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഐ ജില്ലാ നേതൃത്വം. പോലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു ആവശ്യപ്പെട്ടു. എ.ഐ.ഐ.എഫ് സംഘടിപ്പിച്ച ഐജി ഓഫീസ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിനെ നിലയ്ക്ക് നിർത്താൻ ആഭ്യന്തരമന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രിക്ക് കഴിയില്ലെങ്കിൽ അദ്ദേഹമത് തുറന്നു പറയണം. എനിക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന്. പോലീസിനെ സിപിഐ നിലയ്ക്ക് നിർത്തിക്കൊള്ളാമെന്നും പി.രാജു പറഞ്ഞു.

പോലീസ് അതിക്രമത്തിന് നേതൃത്വം നൽകിയ ഡിസിപി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗമാണ്. ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് അയാളുടെ പെരുമാറ്റം. യതീഷ് ചന്ദ്ര ബിജെപി നോമിനിയാണെന്നും അയാൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനം സംശയിക്കുമെന്നും പി.രാജു പറഞ്ഞു. പോലീസിന്റെ കാടത്തം തുടർന്നാൽ കൊച്ചിയിൽ നിയമവാഴ്ച വേണ്ടെന്ന് വെക്കേണ്ടി വരുമെന്നും അദ്ദേഹം വ്യകതമാക്കി.