മെട്രോയിൽ കോൺഗ്രസിന്റെ ജനകീയ യാത്ര ; ഉന്തിലും തള്ളിലും ഉമ്മൻചാണ്ടി പുറത്ത്

#

കൊച്ചി (20-06-17) : കോൺഗ്രസ് പതിവ് തെറ്റിച്ചില്ല. ഉന്തും തള്ളും ഉണ്ടാക്കുന്നത് പണ്ടേയുള്ള ശീലമാണ്. ഇതുവരെ അത് വേദികളിലായിരുന്നു. ഇന്നിപ്പോ കൊച്ചി മെട്രോ വന്നെന്നു വിചാരിച്ച് പാർട്ടി ഉണ്ടായ കാലം മുതലുള്ള ശീലം മാറ്റിവെക്കാനാകുമോ? പതിവ് ശൈലിയിൽത്തന്നെ കോൺഗ്രസ്സുകാർ ആലുവ മെട്രോ സ്റ്റേഷനിൽ തങ്ങളുടെ തനി സ്വഭാവം കാണിച്ചു. അങ്ങനെ മെട്രോ കൊണ്ടുവരാൻ അക്ഷീണം പരിശ്രമിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് രണ്ടാമതും മെട്രോ ട്രെയിനിൽ കയറിപ്പറ്റാനായില്ല. യു.ഡി.എഫിന്റെ ജനകീയ മെട്രോ യാത്രയാണ് ഉമ്മൻചാണ്ടിയെ വീണ്ടും ചതിച്ചത്.

ഉദ്‌ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്നായിരുന്നു യു.ഡി.എഫ് ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പാലാരിവട്ടം വരെ യാത്ര ചെയ്യാനായിരുന്നു പദ്ധതി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസ്സൻ എം.എൽ.എ മാരായ ഹൈബി ഈഡൻ, അനൂപ് ജേക്കബ് തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കാനായി എത്തി. എന്നാൽ ആലുവ സ്റ്റേഷനിലെ പ്രവർത്തകരുടെ തിരക്കുമൂലം നേതാക്കൾക്ക് ആദ്യ ട്രെയിനിൽ കയറിപ്പറ്റാനായില്ല. നേതാക്കൾ ഒപ്പം ഉണ്ടെന്ന വിശ്വാസത്തിൽ ഭൂരിഭാഗം പ്രവർത്തകരും ആദ്യ ട്രെയിനിൽ കയറി. പിന്നീട് അടുത്ത ട്രെയിനിലാണ് ഉമ്മൻ‌ചാണ്ടി മെട്രോ യാത്ര നടത്തിയത്. കോൺഗ്രസ് പ്രവർത്തകരുടെ ഉന്തും തള്ളും കണ്ട് ഇത് പൊളിച്ചടുക്കാൻ വന്നതാണോയെന്ന സംശയമായിരുന്നു മെട്രോ അധികൃതർക്ക്.