പുതുവൈപ്പ് : പഠിക്കാന്‍ വിദഗ്ദ്ധ സമിതി; സമരം തുടരും

#

തിരുവനന്തപുരം (21-06-17) : പുതുവൈപ്പിലെ ഐ.ഒ.സി ടെര്‍മിനല്‍ നിര്‍മ്മാണം ഉപേക്ഷിക്കാനാവില്ലെന്ന് സര്‍ക്കാര്‍. പദ്ധതി തുടരണമെന്നു തന്നെയാണ് സര്‍ക്കാര്‍ സമീപനമെന്നും എന്നാല്‍ വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കും. ഈ അന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ പ്രായോഗിക വശങ്ങള്‍ പരിഗണിച്ച ശേഷം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അത് വരെ നിര്‍മ്മാണം താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഐ.ഒ.സിയോട് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമരസമിതിക്കാരും മുഖ്യമന്ത്രിയും തമ്മില്‍ ഇന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇത്തരമൊരു ധാരണയിലെത്തിയത്. സര്‍ക്കാരിന്റെ ഇത്തരമൊരു തീരുമാനത്തില്‍ തൃപ്തരായാണ് ചര്‍ച്ചയ്‌ക്കൊടുവില്‍ സമരക്കാര്‍ മടങ്ങിയതെന്നാണ് സൂചന. സമരം താത്ക്കാലികമായി വിജയം കണ്ടുവെന്നും വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് വന്ന ശേഷം ബാക്കി കാര്യങ്ങളെ കുറിച്ച് തീരുമാനിക്കുമെന്നുമാണ് സമരക്കാരുടെ പ്രതികരണം. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ പ്ലാന്റെിനെതിരായുള്ള സമാധാന സമരങ്ങള്‍ തുടരുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.