രാഷ്ട്രീയപ്പാർട്ടികളെ കാത്തുനിൽക്കാതെ പ്രതിരോധപ്രസ്ഥാനം രൂപം കൊള്ളുമോ?

#

(24-06-17) : വര്‍ഗ്ഗീയ ഫാഷിസം ഉയര്‍ത്തുന്ന വെല്ലുവിളികളുടെ ഗൗരവം മനസ്സിലാക്കാനും ശക്തമായ പ്രതിരോധനിര ഉയര്‍ത്താനുമുള്ള ശേഷി ഇന്നത്തെ നിലയില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് ഇല്ലെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. പല തട്ടുകളിലായി ചിതറിക്കിടക്കുന്ന പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള നല്ല അവസരമായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പ്. യോജിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ശ്രമിക്കുകയും ഒരു പൊതുസ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി ശക്തമായ പ്രചരണം സംഘടിപ്പിച്ചുകൊണ്ട് ദേശീയരാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കുകയും ചെയ്യാന്‍ ലഭിച്ച അവസരം പ്രതിപക്ഷം പാഴാക്കിക്കളഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള മുന്‍കൈ പ്രവര്‍ത്തനം നടത്താന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ, ഒരു നേതാവിനോ പോലും കഴിഞ്ഞില്ല.

ജനങ്ങളെ പല തരത്തില്‍ ഭിന്നിപ്പിക്കാനും ആഭ്യന്തര സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഭരണകൂടത്തെ നയിക്കുന്നവര്‍ നേതൃത്വം നല്‍കുന്നു എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തെ ഭീതിജനകമാക്കുന്നത്. ഭരണകൂടത്തിന്റെ ഈ നീക്കങ്ങള്‍ക്ക് എതിരായ വികാരം വിവിധ ജനവിഭാഗങ്ങളില്‍ ശക്തമാണ്. ഭരണകൂടത്തിന്റെ സഹായത്തോടെ വിധ്വംസകശക്തികള്‍ നടത്തുന്ന കടന്നാക്രമണത്തിന് ഇരയാകുന്ന ജനവിഭാഗങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ വികാരം. ഉത്തരേന്ത്യന്‍ സവര്‍ണ്ണ പുരുഷാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ന്യൂനപക്ഷ വിഭാഗങ്ങള്‍, അവര്‍ണ്ണ ജനത, സ്ത്രീകള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും തെക്കേയിന്ത്യയിലെയും ജനങ്ങള്‍ എന്നിവരില്‍ സ്വാഭാവികമായുയരുന്ന എതിര്‍പ്പിനോടൊപ്പം ചിന്താശേഷിയും ജനാധിപത്യബോധവുമുള്ള മറ്റു മനുഷ്യര്‍ക്കിടയിലും സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ എതിര്‍പ്പ് രൂക്ഷമാണ്. എതിര്‍പ്പുകളെ കൂട്ടിയിണക്കാനും ഒരു പ്രസ്ഥാനമാക്കി മാറ്റാനുമുള്ള ശക്തികളുടെ അഭാവമാണ് സംഘപരിവാറിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത്.

പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്ന് മുന്‍കൈ ഉണ്ടാകില്ലെന്ന് ബോധ്യമായ സാഹചര്യത്തില്‍, എതിര്‍പ്പിന് കേന്ദ്രീകൃത രൂപം നല്‍കാന്‍ മറ്റു മാര്‍ഗ്ഗങ്ങളാരായുകയാണ് മതനിരപേക്ഷ മനോഭാവം പുലര്‍ത്തുന്നവരുടെ കടമ. സാംസ്‌കാരിക-ബൗദ്ധികരംഗങ്ങളില്‍ വര്‍ഗ്ഗീയ ഫാഷിസത്തിന് എതിരേയുണ്ടാകുന്ന പ്രതിരോധശ്രമങ്ങള്‍ക്ക് സ്വന്തം നിലയില്‍ വളര്‍ന്നു ശക്തിപ്പെടാന്‍ കഴിയുമോ? സാംസ്‌കാരികരംഗത്തു മാത്രമായി രൂപംകൊള്ളുന്ന പ്രതിരോധത്തിന്  അധികാരത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്പ്പിക്കാന്‍ കഴിയില്ലെന്ന സമ്പ്രദായികയുക്തിക്ക് വഴങ്ങാതെ, മുന്‍വിധികളില്ലാതെ അത്തരം ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാംസ്‌കാരിക ബൗദ്ധികരംഗങ്ങളില്‍ നിന്ന് നീക്കങ്ങളുണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളില്‍ ഹിന്ദു വലതുപക്ഷത്തിന്റെ കടന്നാക്രണത്തിന് വിധേയരായി കൊല്ലപ്പെട്ട ധബോള്‍ക്കറും ഗോവിന്ദ് പന്‍സാരെയും കല്‍ബുര്‍ഗിയും സാംസ്‌കാരിക ബൗദ്ധികരംഗങ്ങളില്‍ നല്‍കിയ സംഭാവനകളുടെ പേരിലാണ് ഹിന്ദുത്വ ശക്തികളുടെ നോട്ടപ്പുള്ളികളായത്. ഗോവിന്ദ് പന്‍സാരെ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നെങ്കിലും ഹിന്ദു തീവ്രവാദത്തിനെതിരായി ശക്തമായ ബൗദ്ധിക നിലപാടുകള്‍ സ്വീകരിച്ച രാഷ്ട്രീയ നേതാവായതു കൊണ്ടാണ് അദ്ദേഹം വെടിയുണ്ടക്കിരയായത്.

സര്‍വ്വകലാശാല ക്യാമ്പസുകളിലും പഠനഗവേഷണ കേന്ദ്രങ്ങളിലുമുള്‍പ്പെടെ, രൂപപ്പെട്ട വലുതും ചെറുതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ മുന്‍കയ്യില്‍ ഉണ്ടാകുകയാണെങ്കില്‍ അതിന് രാജ്യവ്യാപകമായ ഒരു സാംസ്‌കാരിക പ്രതിരോധ പ്രസ്ഥാനമായി വളരാന്‍ കഴിയും. രാഷ്ട്രീയപ്പാര്‍ട്ടികളെ കാത്തു നില്‍ക്കാതെ, രൂപം കൊള്ളുന്ന അത്തരമൊരു പ്രതിരോധ പ്രസ്ഥാനത്തിന് നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമുള്ള സാധാരണ മനുഷ്യരിലേക്ക് കടന്നു ചെല്ലാനും അവരെ കൂട്ടിയിണക്കാനും കഴിഞ്ഞാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുറകേ വരാന്‍ നിര്‍ബ്ബന്ധിതമാകും. അതിനുള്ള സാംസ്‌കാരിക കാലാവസ്ഥയാണ് രാജ്യത്ത് ഉരുത്തിരിയുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നല്‍കിയ അവസരം രാഷ്ട്രീയപ്പാര്‍ട്ടികള്‍ നഷ്ടപ്പെടുത്തിയതുപോലെ, ഈ സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കാതെ സാംസ്‌കാരിക-ബൗദ്ധിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉദാസീനത പുലര്‍ത്തുകയാണെങ്കിൽ രാജ്യത്തെ കാത്തിരിക്കുക അവസാനമില്ലാത്ത അന്ധകാരമായിരിക്കും.