ഉന അക്രമത്തിന്റെ വാർഷികത്തിൽ വൻ പ്രതിഷേധത്തിന് ആലോചന : ബി.ജെ.പി പരിഭ്രാന്തിയിൽ

#

അഹമ്മദാബാദ് (26.06.2017) : ഗുജറാത്തിലെ ഉനയിൽ പശുവിന്റെ തോലുരിച്ചതിന്റെ പേരിൽ 4 ദളിത് യുവാക്കൾ ക്രൂരമർദ്ദനത്തിന് ഇരയായതിന്റെ ഒന്നാം വാർഷികമായ ജൂലൈ 11 ന് വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദളിത് സംഘടനകൾ. വാർഷികത്തിന്റെ ഭാഗമായി 6 ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര സംഘടിപ്പിക്കും. പദയാത്രയുടെ സമാപനത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദളിത് നേതാക്കളും ആക്ടിവിസ്റ്റുകളും പങ്കെടുക്കും. ഉത്തരേന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ പീഡനങ്ങൾക്ക് എതിരെ പൊരുതുന്ന ദളിത് സംഘടനകളുടെ ഒത്തുചേരൽ കൂടിയായി പ്രതിഷേധപരിപാടികൾ മാറ്റാനാണ് സംഘാടകരുടെ ശ്രമം. ഉത്തർപ്രദേശിലെ ഭീം ആദ്മി പോലുള്ള സംഘടനകളുടെ സാന്നിധ്യം വാർഷിക പരിപാടികൾക്ക് പുതിയ ഒരു മാനം നൽകും.

ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം നടക്കേണ്ട ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച ബി.ജെ.പി, പാർട്ടിക്ക് എതിരായി ശക്തമായ ദളിത് ഏകീകരണം ഉണ്ടാകുന്നതിനെ ആശങ്കകളോടെയാണ് കാണുന്നത്. രാജ്യത്താകെ ദളിത് വിഭാഗങ്ങൾക്ക് എതിരെ സംഘപരിവാർ സംഘടനകളിൽ പെട്ടവരിൽ നിന്നുണ്ടാകുന്ന ആക്രമണം ആ വിഭാഗങ്ങളെ ബി.ജെ.പിയ്ക്ക് എതിരാക്കി മാറ്റുന്നുണ്ട് എന്ന് പാർട്ടിക്കറിയാം. പക്ഷേ, അത് നിയന്ത്രിക്കാൻ ബി.ജെ.പിക്കാവില്ല. പകരം, രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം പോലെയുള്ള പ്രതീകാത്മകമായ നടപടികളെ മുൻനിർത്തി ദളിത് വിഭാഗങ്ങളെ ആകർഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പക്ഷേ, ഉന സംഭവത്തിന്റെ ഓർമ്മ ഉയർത്തി ശക്തമായ ദളിത് ഏകീകരണം ഉണ്ടാകുകയും പിന്നോക്ക- ന്യൂന പക്ഷ വിഭാഗങ്ങൾ അവയോടൊപ്പം ചേരുകയും ചെയ്യാനുള്ള സാധ്യത ബി.ജെ.പിയെ ഭയപ്പെടുത്തുന്നു.

രണ്ടു ദശകത്തിലേറെയായി അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഉണ്ടാകാനുള്ള സാധ്യത അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുൻകൂട്ടി കാണുന്നുണ്ട്. ജാതി- മത പരിഗണനകൾക്ക് അപ്പുറത്ത് ഭരണത്തിന് എതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് മാറാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് ബി.ജെ.പി. പരമ്പരാഗത രീതിയിൽ ജാതി-മത സമവാക്യങ്ങൾ ഉപയോഗപ്പെടുത്തികൊണ്ടുള്ള തെരഞ്ഞെടുപ്പ് നീക്കങ്ങളുടെ താളം തെറ്റിക്കാൻ പുതിയ സാമൂഹ്യശക്തികളുടെ രൂപം കൊള്ളൽ ഇട നൽകിയേക്കാം. അഖിലേന്ത്യാ തലത്തിൽ പുതിയ സാമൂഹ്യശക്തികളുടെ ഐക്യനിര രൂപപ്പെടുത്തുന്നതിനുള്ള പരീക്ഷണശാലയായി ഗുജറാത്തിനെ മാറ്റാനാണ് ദളിത് സംഘടനകളുടെ ശ്രമം.

പുതിയ സാമൂഹ്യശക്തികളുടെ ഐക്യത്തെ രാഷ്ട്രീയമായി സഫലമായി ഉപയോഗപ്പെടുത്താനാണ് അതിന്റെ സംഘാടകർ ശ്രമിക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്‌ഷ്യം മുമ്പിലുള്ളതുകൊണ്ട് കോൺഗ്രസിനെ കടന്നാക്രമിക്കാൻ അവർ തയ്യാറാവില്ല. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിട്ടും അതിനെ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസിന്റെ പോക്കിൽ തനിക്കുള്ള അതൃപ്തി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അറിയിച്ച പ്രതിപക്ഷ നേതാവ് ശങ്കർസിംഗ് വഗേലയെ ഒപ്പം നിർത്താൻ പോലുമുള്ള മാർഗ്ഗങ്ങളറിയാതെ കുഴങ്ങുന്ന കോൺഗ്രസ് ഈ ഘട്ടത്തിൽ കാഴ്ചക്കാരായി നിൽക്കുകയാണ്. ഗുജറാത്തിൽ ബി.ജെ.പിയെ തോൽപ്പിച്ച് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുക എന്ന ലക്‌ഷ്യം കക്ഷി രാഷ്ട്രീയത്തിന് പുറത്തുള്ള ശക്തികളിൽ നിന്നാണ് ഇപ്പോൾ ഉയരുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയഘട്ടത്തിൽ തന്നെ ഏൽക്കേണ്ടിവന്ന തിരിച്ചടിയിൽ നിന്ന് കരകയറണമെന്ന ചിന്ത പ്രതിപക്ഷപ്പാർട്ടികളിൽ ശക്തമാണെങ്കിലും അതിനുള്ള മാർഗ്ഗമറിയാതെ ഇരുട്ടിൽ തപ്പുന്ന അവർ ഉന സമര വാർഷികത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രധാനമാണ്.