പോലീസ് തലപ്പത്ത് ബെഹ്‌റ തന്നെ

#

തിരുവനന്തപുരം (28-06-17) : സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ബെഹ്‌റ മടങ്ങിയെത്തുന്നു. ടി.പി.സെൻകുമാർ മറ്റന്നാൾ വിരമിക്കുന്ന ഒഴിവിലാണ് ബെഹ്റയുടെ നിയമനം. ഇന്നുചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭാ ബെഹ്‌റക്ക് പോലീസ്‌മേധാവി സ്ഥാനം നൽകുന്നതിന് തീരുമാനിച്ചത്.

പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ നടപടിക്കെതിരെ സെൻകുമാർ സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധി സമ്പാദിച്ചതോടെയാണ് ബെഹ്‌റക്ക് പോലീസ് മേധാവി സ്ഥാനം നഷ്ടപ്പെട്ടത്. പിണറായി വിജയൻറെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ അടുത്ത ദിവസം തന്നെ സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി പകരം ലോക്നാഥ് ബെഹ്‌റക്ക് നിയമനം നൽകുകയായിരുന്നു.

ടി.പി.ചന്ദ്രശേഖരൻ ,അരിയിൽ ഷുക്കൂർ വധക്കേസുകളിൽ പ്രതികളെ പിടികൂടുകയും ഗൂഢാലോചന നടത്തിയ സി.പി.എം നേതൃത്വത്തിലേക്ക് അന്വേഷണം നീളുകയും ചെയ്തതോടെ സിപിഎംന്റെ കണ്ണിലെ കരടായി മാറിയിരുന്നു സെൻകുമാർ. ഇതുതന്നെയായിരുന്നു സെൻകുമാറിന്റെ സ്ഥാനം തെറിപ്പിച്ചതിന്റെ മുഖ്യ കാരണവും. സെൻകുമാർ തിരികെ എത്തിയതോടെ, വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയിൽപോയ ഒഴിവിൽ ബെഹ്‌റയെ വിജിലൻസ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. അവധി കഴിഞ്ഞ് തിരികെയെത്തിയ ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടറായി നിയമിക്കുകയാണ് ചെയ്തത്. സെൻകുമാർ വിരമിക്കുന്ന ഒഴിവിൽ ജേക്കബ് തോമസ്, ഋഷിരാജ് സിംഗ് എന്നിവരുടെ പേരുകൾ ഉയർന്നെങ്കിലും സർക്കാർ ഈ പേരുകളൊന്നും പരിഗണിക്കുകപോലും ഉണ്ടായില്ല.