കൊമേഡിയൻ വില്ലനാവുമ്പോൾ

#

(09.07.2017) ആക്രമിക്കപ്പെട്ട നടിയോട് അമ്മയിലെ അംഗങ്ങൾക്കില്ലാത്ത സ്നേഹം ജനങ്ങൾക്കെന്തിനാണ് എന്ന് ശ്രീനിവാസൻ ചോദിച്ചിരിക്കുന്നു. ജനങ്ങൾ ആരാണെന്നും ശ്രീനിവാസൻ ചോദിച്ചു. ജനങ്ങളുടെ സ്നേഹം കാപട്യമാണെന്നും അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്. എന്താണ് ഈ അമ്മ? മലയാളത്തിലെ സിനിമാ നടീനടന്മാരുടെ സംഘടനയുടെ പേരാണ് അമ്മ. എന്നുവെച്ചാൽ രണ്ടു സൂപ്പർ താരങ്ങളും വിരലിലെണ്ണാവുന്ന ചില ചില്ലറ സൂപ്പർ താരങ്ങളും ചേർന്ന് അവരുടെ താല്പര്യത്തിനും സൗകര്യത്തിനും വേണ്ടി കൊണ്ടുനടക്കുന്ന സംഘടന. അതിലെ അംഗങ്ങൾക്കില്ലാത്ത സ്നേഹം ജനങ്ങൾക്ക് വേണ്ട എന്നാണ് ശ്രീനിവാസന്റെ കല്പന.

അമ്മയിലെ അംഗങ്ങൾക്ക് നടിയോടുള്ള സ്നേഹം എന്താണെന്ന് നമ്മൾ കണ്ടതാണ്. ആക്രമിക്കപ്പെട്ട നടിയെ വാക്കുകൾ കൊണ്ട് വീണ്ടും ആക്രമിക്കുകയായിരുന്നു അമ്മയുടെ നേതാക്കൾ. ആക്രമണത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന നടനെ സംരക്ഷിക്കാനായിരുന്നു അമ്മയിലെ അംഗങ്ങളുടെ വ്യഗ്രത. ആക്രമിക്കപ്പെട്ട നടിയെയും പോലീസ് ചോദ്യം ചെയ്യുന്ന നടനെയും ഒരുപോലെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ഒടുവിൽ ഒത്തുതീർപ്പ് രീതിയിൽ അമ്മയുടെ യോഗം കഴിഞ്ഞുണ്ടായ പ്രഖ്യാപനം. അമ്മയുടെ വാർത്താസമ്മേളനത്തിൽ നടിയെ പിന്തുണച്ച മാധ്യമപ്രവർത്തകരോട് അമ്മയുടെ നേതാക്കളുടെ രോഷം അണ പൊട്ടിയൊഴുകി. വാർത്താസമ്മേളനത്തിൽ ആക്ഷേപകരമായി സംസാരിച്ച ജനപ്രതിനിധികളായ നടന്മാരുടെ പ്രകടനത്തിൽ മാപ്പ് പറയാൻ വാർത്താസമ്മേളനം നടത്തിയ ഇന്നസന്റ് മലയാളത്തിലെ നടിമാരെ മുഴുവൻ ആക്ഷേപിച്ചാണ് തന്റെ രോഷം തീർത്തത്. ആ അമ്മയ്ക്കില്ലാത്ത സ്നേഹം നടിയോട് ജനങ്ങൾക്ക് എന്തിനാണ് എന്നാണ് ശ്രീനിവാസന്റെ ചോദ്യം.

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാക്കാരുടെ മാത്രം പ്രശ്നമല്ല. അങ്ങനെയാണെന്ന് ശ്രീനിവാസൻ കരുതിയിട്ടുണ്ടെങ്കിൽ അദ്ദേഹം ജീവിക്കുന്നത് വിഡ്ഢികളുടെ ലോകത്തിലാണ്. കൊച്ചി പോലെ ഒരു നഗരത്തിൽ പ്രമുഖയായ ഒരു നടിക്കുണ്ടാകുന്ന അനുഭവം ഇതാണെങ്കിൽ സാധാരണ സ്ത്രീകൾക്ക് ഇവിടെ എന്ത് സുരക്ഷിതത്വമാണ് ഉള്ളതെന്ന ചോദ്യം കേരളത്തിലെ മുഴുവൻ ആളുകളെയും അലട്ടുന്നു. സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന കടുത്ത ലൈംഗിക ചൂഷണത്തിലും അരക്ഷിതത്വത്തിലും ജനങ്ങൾക്ക് ഉൽക്കണ്ഠയുണ്ട്. ഈ അവസ്ഥ മാറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ ഭാഗമാണ് സിനിമയും സിനിമയിലെ വൃത്തികേടുകളും. അതിൽ ഇടപെടാനും അഭിപ്രായം പറയാനും ജനങ്ങൾക്ക് അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ഒരു ശ്രീനിവാസനും അവകാശമില്ല.

സിനിമ കാണാൻ കയറിയ ജനങ്ങൾ നൽകിയ പണമാണ് ശ്രീനിവാസനെ സമ്പന്നനാക്കിയത്. ഇതേ ജനങളുടെ സൗജന്യമാണ് ശ്രീനിവാസന്റെ പ്രശസ്തി. പണവും പ്രശസ്തിയും തലയ്ക്ക് കയറി മത്തുപിടിച്ചതാണ് ശ്രീനിവാസന്റെ പ്രശ്നം. സിനിമയിൽ തന്റെ കാലം കഴിഞ്ഞു എന്ന യാഥാർത്ഥ്യം സമചിത്തതയോടെ അംഗീകരിക്കാൻ ശ്രീനിവാസൻ തയ്യാറാകണം. തനിക്ക് സിനിമയില്ലാത്തതും വല്ലപ്പോഴും സിനിമ കിട്ടിയാൽ അത് എട്ടു നിലയിൽ പൊട്ടുന്നതും ശ്രീനിവാസനെ നിരാശനും രോഷാകുലനും ആക്കുന്നുണ്ടാകണം. ഒരു കാലം കഴിഞ്ഞാൽ സിനിമയില്ലാതെ വരുന്നത് സ്വാഭാവികമാണെന്ന് തിരിച്ചറിഞ്ഞ് ശാന്തതയോടെ യാഥാർത്ഥ്യം അംഗീകരിക്കുന്നതിന് പകരം വിറളി പിടിച്ചതുപോലെ ജനങ്ങൾക്ക് എതിരേ തിരിയുകയാണ് ശ്രീനിവാസൻ. കാര്യവിവരമില്ലാത്ത കോമാളി എന്ന അപമാനകരമായ ലേബൽ സ്വയം അണിയാൻ തീരുമാനിച്ച ഒരാളോട് എന്തു പറഞ്ഞിട്ടെന്തു കാര്യം ?