ചരിത്രപരമായ വഞ്ചനയെന്ന് യു.എൻ.എ ; ആരോഗ്യമേഖല നാളെ സ്തംഭിക്കും

#

തിരുവനന്തപുരം (10.07.2017) : സമരം ചെയ്യുന്ന നഴ്‌സുമാരുമായി വ്യവസായ ബന്ധ സമിതി നടത്തിയ ചർച്ച പരാജയം.നഴ്‌സുമാർ നടത്തിവരുന്ന സമരം ശക്തമായി തുടരും. സർക്കാർ മുന്നോട്ട് വെച്ച പുതുക്കിയ വേതനഘടന അംഗീകരിക്കില്ലെന്ന് സമരം ചെയ്യുന്ന നേഴ്‌സുമാർ അറിയിച്ചു. ഡി.എ ലയിപ്പിച്ച ശേഷമുള്ള ശമ്പളത്തിന്റെ കണക്ക് ഉയർത്തിക്കാട്ടി പുതിയ വേതനം അംഗീകരിച്ച സർക്കാർ നിലപാട് വഞ്ചനാപരവും കൺകെട്ട് വിദ്യയുമാണെന്ന് യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. ഇപ്പോൾ മുന്നോട്ട് വെച്ച വേതനഘടന പ്രകാരം 17200 രൂപ മാത്രമാണ് ലഭിക്കുന്നത്. വളരെ തുച്ഛമായ ശമ്പളവർദ്ധനവ് മാത്രമാണ് ഒരു നഴ്‌സിന് ലഭിക്കുന്നത്. ഈ നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്നും നാളെ മുതൽ ശക്തമായി സമരം തുടരുമെന്നും ജാസ്മിൻഷാ അറിയിച്ചു. തൊഴിൽവകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ, ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ, നിയമവകുപ്പ് മന്ത്രി എ.കെ ബാലൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.

20 കിടക്കകളുള്ള ആശുപത്രിയിലെ നേഴ്‌സിന് 18232, 21 മുതൽ 100 വരെ കിടക്കകൾ ഉള്ളിടത്ത് 19810 , 101 മുതൽ 300 വരെ 20014, 301 മുതൽ 500 വരെ 20980, 501 മുതൽ 800 22040, 800 ന് മുകളിലേക്ക് 23760 എന്നിങ്ങനെയാണ് പുതുക്കിയ വേതനഘടന. 300 പോയിന്റ് ഉണ്ടായിരുന്ന ഡി.എ പരിപൂർണ്ണമായി ലയിപ്പിച്ച ശേഷമുള്ള തുകയാണിത്. ഈ സാഹചര്യത്തിൽ നാളെ സംസ്ഥാനവ്യാപകമായി നേഴ്‌സുമാർ സൂചനാപണിമുടക്ക് നടത്തും. സംസ്ഥാനത്ത് എമ്പാടും നിന്നുള്ള അരലക്ഷത്തോളം നേഴ്‌സുമാർ നാളെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്നാണ് യു.എൻ.എ നേതാക്കൾ അറിയിച്ചിട്ടുള്ളത്. ഇനിയും സമരം തീരുമാനമാകാതെ തുടർന്നാൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്നും യു.എൻ.എ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യം വന്നാൽ കേരളത്തിലെ ആരോഗ്യരംഗത്ത് ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാകാൻ പോകുന്നത്.