മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നാക്ക് ഇറങ്ങിപ്പോയോ ?

#

(10.07.2017) : മലയാളത്തിലെ പ്രമുഖയായ ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് 5 മാസത്തോളമായി. ആക്രമണത്തിന് ക്വട്ടേഷൻ എടുത്ത് നടപ്പാക്കിയ ആൾ അറസ്റ്റിലായെങ്കിലും ആക്രമണം നടത്താൻ ക്വട്ടേഷൻ നൽകുകയും ഗൂഢാലോചന നടത്തുകയും ചെയ്ത നടൻ ദിലീപ് അറസ്റ്റിലായത് ഇന്ന് മാത്രമാണ്. ദിലീപിനെയും സുഹൃത്തായ സംവിധായകൻ നാദിർഷായെയും 13 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തീരുന്നു.. ചോദ്യം ചെയ്യൽ നടന്നതിന്റെ അടുത്ത ദിവസമാണ് മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി കൊച്ചിയിൽ ചേർന്നത്. അമ്മയുടെ യോഗത്തിനു ശേഷം ചേർന്ന വാർത്താസമ്മേളനത്തിൽ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാർ തുടങ്ങി ജനപ്രതിനിധികൾ കൂടിയായ താരങ്ങൾ സമനില തെറ്റിയതുപോലെയാണ് പെരുമാറിയത്. മാധ്യമപ്രവർത്തകർക്കു നേരെ അവർ തട്ടിക്കയറി. ദിലീപിനെ സംരക്ഷിക്കുമെന്ന് താര നേതാക്കന്മാർ ഉറപ്പിച്ചുതന്നെ പറഞ്ഞു. ദിലീപ് എന്ത് ആക്രമണമാണ് നേരിടുന്നതെന്നോ എന്ത് തരത്തിലാകും ദിലീപിനെ തങ്ങൾ സംരക്ഷിക്കുന്നതെന്നോ അവരാരും വ്യക്തമാക്കിയില്ല.

മുകേഷിന്റെയും ഗണേഷിന്റെയും പൊട്ടിത്തെറിക്കലുകളെക്കാൾ എല്ലാവരെയും അമ്പരപ്പിച്ചത് മലയാളികളുടെ രണ്ടു സൂപ്പർ സ്റ്റാറുകളുടെ മൗനമാണ്. അമ്മയുടെ വിവാദപരമായ വാർത്താസമ്മേളനത്തിൽ മുകേഷ് മാധ്യമങ്ങൾക്കെതിരേ തട്ടിക്കയറുകയും താരസംഘടനയിലെ സാദാ അംഗങ്ങൾ മാധ്യമ പ്രവർത്തകരെ കൂവിവിളിക്കുകയും ചെയ്തപ്പോൾ സമ്മേളനവേദിയിൽ മുൻനിരയിൽ മമ്മൂട്ടിയും മോഹൻലാലും ഇരിപ്പുണ്ടായിരുന്നു. തൊട്ടപ്പുറവും ഇപ്പുറവും മുകേഷ്-ഗണേഷ്‌കുമാർ-ഇന്നസന്റുമാർ അഴിഞ്ഞാടുമ്പോൾ ഒന്നും കേൾക്കുകയും കാണുകയും ചെയ്യാത്തതുപോലെ ഇരിക്കുകയായിരുന്നു മലയാള സിനിമയിലെ ഈ കിരീടം വെയ്ക്കാത്ത രാജാക്കന്മാർ. തങ്ങൾക്ക് ചുറ്റും മാധ്യമപ്രവർത്തകർക്ക് എതിരായ ആക്രോശം ഉയരുമ്പോൾ അക്ഷരാർത്ഥത്തിൽ കണ്ണടച്ചിരിക്കുകയായിരുന്നു മമ്മൂട്ടിയും മോഹൻലാലും. മുഖത്ത് ഒരു ഭാവവ്യത്യാസ വുമില്ല. അഭിനയമെങ്കിൽ അഭിനയം അതായിരുന്നു. ഇത്ര ശുദ്ധനും സാധുവും നിഷ്കളങ്കനുമായി മമ്മൂട്ടിയെ ആരും കണ്ടു കാണില്ല. എന്തൊരു പാവം ! സ്വതേയുള്ള ഔദ്ധത്യമൊന്നും ആ മുഖത്ത് കാണാനുണ്ടായിരുന്നില്ല. മോഹൻലാലും ഒട്ടും മോശമാക്കിയില്ല. അവിടെ ആ ബഹളമൊക്കെ നടക്കുമ്പോൾ മറ്റേതോ ലോകത്തെന്നതുപോലെയായിരുന്നു അദ്ദേഹം ഇരുന്നത്.

പ്രമുഖയായ ഒരു നടി ആക്രമിക്കപ്പെടുകയും പ്രമുഖനായ ഒരു നടൻ സംശയത്തിന്റെ നിഴലിലാവുകയും ചെയ്തിട്ടും കമാന്നൊരക്ഷരം പറയാത്ത സൂപ്പർ സ്റ്റാറുകൾ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും അഭിപ്രായം പറഞ്ഞിട്ടില്ല. തൊട്ടതിനും പിടിച്ചതിനും ബ്ലോഗ് എഴുതുന്ന മഹാനാണ് മോഹൻലാൽ. ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒരു ബ്ലോഗുമില്ല. മമ്മൂട്ടി നടൻ മാത്രമല്ല, മലയാളത്തിലെ "വേറിട്ട"ചാനലിന്റെ ചെയർമാൻ കൂടിയാണ്. മൈക്കിനുമുന്നിൽ ഘനഗംഭീരശബ്ദത്തിൽ നാടിൻറെ പോക്കിനെക്കുറിച്ച് വിലപിക്കുകയും ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന മമ്മൂട്ടിക്ക് ഉരിയാട്ടമില്ല. ജനങ്ങൾക്ക് ഇതൊരു നല്ല പാഠമാണ്. സിനിമയിലെ താരമൂല്യം എന്നത് സിനിമയ്ക്കകത്ത് തീരണം. അതിനു പുറത്ത് നല്ല മനുഷ്യരെന്ന നിലയിലോ സാമൂഹ്യബോധമുള്ള വ്യക്തികളെന്ന നിലയിലോ അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്.