നഴ്‌സുമാർ ജീവന്മരണ സമരത്തിന് ; പതിനായിരങ്ങൾ സെക്രട്ടേറിയറ്റ് വളയും

#

തിരുവനന്തപുരം (11.07.2017) : അര ലക്ഷത്തോളം നഴ്‌സുമാർ ഇന്ന് സെക്രട്ടേറിയറ്റ് വളയും. മിനിമം വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനവ്യാപകമായി സ്വകാര്യ ആശുപത്രി നഴ്‌സുമാർ സൂചനാ പണിമുടക്ക് നടത്തുകയാണ്. ഇന്നലെ നടന്ന ചർച്ചയിൽ സർക്കാർ മുന്നോട്ട് വെച്ച വേതനഘടന അംഗീകരിക്കാനാകില്ലെന്ന് യു.എൻ.എ അറിയിച്ചിരുന്നു. ഇന്നലത്തെ ചർച്ചയിലും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശക്തമായ സമരപരിപാടികളുമായി യു.എൻ.എ മുന്നോട്ട് പോകുന്നത്. പുതുക്കിയ വേതനഘടന വഞ്ചനാപരവും കൺകെട്ട് വിദ്യയുമാണെന്ന് യു.എൻ.എ പ്രസിഡന്റ് ജാസ്മിൻഷാ പറഞ്ഞു.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള നഴ്‌സുമാർ സമരത്തിനായി തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.അര ലക്ഷത്തോളം നഴ്‌സുമാർ ഇന്നത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുമെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. വടക്കൻ ജില്ലകളിൽ നിന്നുള്ള നഴ്‌സുമാർ ഇന്നലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള നഴ്‌സുമാർ തിരുവനന്തപുരത്തും കൊല്ലത്തുമായി ക്യാമ്പ് ചെയ്യുകയാണ്. തെക്കൻ ജില്ലകളിൽ നിന്നുള്ളവർ നേരിട്ട് സമരസ്ഥലത്തേക്ക് എത്തുമെന്നും യു.എൻ.എ അറിയിച്ചു.

വെള്ളവസ്ത്രങ്ങൾ അണിഞ്ഞ് വേണം മാർച്ചിൽ പങ്കെടുക്കാനെന്ന് നഴ്‌സുമാർക്ക് സംഘടന നിർദ്ദേശം നൽകിയിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ തിരുവനന്തപുരം നഗരത്തെ നിശ്ചലമാക്കുന്ന സമരമായി നഴ്‌സുമാരുടെ പ്രതിഷേധം മാറുമെന്നാണ് സംഘാടകർ പറയുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖല ഇന്ന് സ്തംഭിക്കുമെന്നും ഒഴിവാക്കാനാവാത്ത ഈ സമരം കൊണ്ട് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ക്ഷമിച്ച് സമരത്തെ പിന്തുണയ്ക്കണമെന്നും യു.എൻ.എ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ നഴ്‌സിംഗ് സമരത്തിനാണ് ഇന്ന് തിരുവനന്തപുരം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് യു.എൻ.എ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു.