സമരശക്തിയായി മാറുന്ന നഴ്‌സുമാർ

#

(11.07.2017) : ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തിയ മാർച്ചിൽ പതിനായിരക്കണക്കിന് നഴ്‌സുമാർ പങ്കെടുത്തു. സമീപകാലത്തൊന്നും തലസ്ഥാന നഗരം ഇത്ര വലിയ ഒരു ശക്തിപ്രകടനം കണ്ടിട്ടില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും നേതൃത്വത്തിലായിരുന്നില്ല ഈ മാർച്ച്. പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ചായിരുന്നില്ല സമരം സംഘടിപ്പിച്ചത്. സ്വന്തം അദ്ധ്വാനത്തിന്റെ വിഹിതവും മറ്റു നാടുകളിലെ സ്വന്തം സഹപ്രവർത്തകരുടെ സംഭാവനയും അല്ലാതെ നാട്ടുകാരിൽ നിന്ന് നഴ്‌സുമാരുടെ സമരത്തിനുവേണ്ടി പണപ്പിരിവ് നടത്തിയിട്ടില്ല. എല്ലാ ജില്ലകളിൽനിന്നും സ്വമേധയാ തലസ്ഥാനത്തെത്തിയ ആയിരക്കണക്കിന് നഴ്‌സുമാർ മുഷ്ടി ചുരുട്ടി ആവേശത്തോടെ മുദ്രാവാക്യം മുഴക്കി നീങ്ങുമ്പോൾ തലസഥാനം തീർത്തും വ്യത്യസ്തമായ ഒരു സമരത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ ബിസിനസുകളിൽ ഒന്നാണ് ഇന്ന് ആശുപത്രികൾ. കൊള്ളലാഭം കൊയ്യുന്ന ആശുപത്രി മുതലാളിമാർ പക്ഷേ, ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് നൽകുന്നത് തുച്ഛമായ ശമ്പളം മാത്രം. തൊഴിൽ സമയത്തിന്റെ കാര്യത്തിൽ ഒരു വ്യവസ്ഥയുമില്ല. തങ്ങൾ നേരിടുന്ന അനീതിക്ക് പരിഹാരംകാണാതെ മുന്നോട്ട് പോകാനാവില്ല എന്ന സ്ഥിതിയിലാണ് സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാർ സമരരംഗത്തേക്ക് വരുന്നത്. ആഴ്ചകളായി സമരരംഗത്തായിരുന്നു നഴ്‌സുമാർ. കഴിഞ്ഞ ദിവസം തൊഴിൽ, ആരോഗ്യമന്ത്രിമാരുടെ സാന്നിധ്യത്തിൽ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സിംഗ് സംഘടനാ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയെ പ്രതീക്ഷയോടെയാണ് നഴ്‌സുമാർ നോക്കിയിരുന്നത്. എന്നാൽ ചർച്ചയിൽ ആശുപത്രി മാനേജ്‌മെന്റുകളുടെ താല്പര്യമാണ് വിജയിച്ചത്. ചർച്ച പൊളിഞ്ഞതിൽ നിരാശരാകാതെ, സമരത്തിൽനിന്ന് പിന്നോട്ടില്ല എന്ന വ്യക്തമായ സന്ദേശം നല്കുന്നതായിരുന്നു ഇന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ ) നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ച്.

സെക്രട്ടറിയേറ്റിനു മുന്നിൽ ഇതിനുമുമ്പ് ഇതിനെക്കാൾ വലിയ ഒരു സമരം നടന്നത് സോളാർ അഴിമതി പ്രശ്നത്തിൽ ഇടതുമുന്നണി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധമായിരുന്നു. അന്ന് മറ്റെല്ലാ വാർത്തകളും മാറ്റിവെച്ച് ആ സമരം മലയാളത്തിലെ എല്ലാ ദൃശ്യമാധ്യമങ്ങളും തത്സമയം സംപ്രേഷണം ചെയ്തു. ആളും അർത്ഥവുമുള്ള കേരളത്തിലെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ ഉൾപ്പെട്ട പ്രധാനപ്പെട്ട ഒരു മുന്നണി നടത്തിയ സമരത്തിന് തുല്യമായ സമരമായിരുന്നു ഇന്ന് തലസ്ഥാനത്ത് നടന്നത്. ഇന്നത്തെ സമരത്തിന് അർഹിക്കുന്ന പ്രാധാന്യം മാധ്യമങ്ങളിൽ നിന്ന് ലഭിച്ചോയെന്ന ചോദ്യം ഉയരുന്നുണ്ട്.

അവഗണിക്കപ്പെടാൻ കഴിയാത്ത ഉജ്ജ്വലമായ ഒരു അതിജീവനസമരമാണ് യു.എൻ.എ സംഘടിപ്പിച്ചത്.ആർക്കും അവഗണിക്കാൻ കഴിയാത്ത തരത്തിൽ ശക്തമായ സമരം നയിക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ട് എന്ന് തെളിയിക്കാൻ ഇന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് കഴിഞ്ഞു. ജൂലൈ 17 ന് സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭിപ്പിക്കുന്ന അനിശ്ചിതകാല പണിമുടക്കും നിരാഹാരസമരവും ആരംഭിക്കുന്ന നഴ്‌സുമാർ, പരമ്പരാഗത സംഘടനകൾക്ക് ഒന്നും കഴിയാത്ത തരത്തിൽ കേരളത്തിൽ ഒരു പുതിയ സമരചരിത്രം കുറിച്ചേക്കും.