ദിലീപ് മാഫിയയുടെ തലവൻ; ഊരുവിലക്കിയ ബി.ഉണികൃഷ്ണനെതിരെ കേസ് കൊടുക്കും : അലി അക്ബർ

#

(12-07-17) : 10 വർഷമായി തനിക്കെതിരേ തുടരുന്ന ഊരുവിലക്കിൽ ഫെഫ്കക്കെതിരെ ആഞ്ഞടിച്ച് സംവിധായൻ അലി അക്ബർ. 2009-ൽ തിലകനെ കേന്ദ്ര കഥാപാത്രമായി വെച്ച് സിനിമ എടുത്തതിന്റെ പേരിൽ അന്നു മുതൽ വിലക്കിലാണ് ഇദ്ദേഹം. 2010-ൽ ആരംഭിച്ച വിലക്ക് ആദ്യ മൂന്നു മാസം സസ്പെൻഷനായിരുന്നു. പിന്നീട് അത് അവധിയില്ലാത്ത സസ്പെൻഷനായി മാറ്റി. ഫെഫ്കയിലെ മറ്റ് യൂണിയനുകൾക്ക് അലി അക്ബറിനോട് സഹകരിക്കരുതെന്ന് കത്തെഴുതുകയും ചെയ്തെന്ന പരാതിയുമായാണ് അലി അക്ബർ മുന്നോട്ടുവന്നിരിക്കന്നത്.

ബി ഉണ്ണികൃഷ്ണനും ജോസ് തോമസുമാണ് വിലക്കു സംബന്ധിച്ച സർക്കുലറിൽ ഒപ്പുവെച്ചിട്ടുള്ളത്. ഇവർക്കെതിരെ നാളെ കേസ് കൊടുക്കാനാണ് അലി അക്ബറിന്റെ തീരുമാനം. ഇഷ്ടപ്പെട്ട ആൾക്കാരെ വെച്ച് സിനിമയെടുക്കാനും സിനിമ പുറത്തിറക്കാനുമുള്ള അവകാശം വേണം. അത് ഒരു പൗരന്റെ അവകാശമാണ്. അത് നിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നോട് സഹകരിക്കരുതെന്നു കർശന നിർദ്ദേശമുള്ളതുകൊണ്ട് കൂടെ ആരും ജോലി ചെയ്യാൻ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം പറയുന്നു. വിനയനു എതിരെയും സമാന നിലപാട്തന്നെയാണ് ഉണ്ടായിരുന്നത്. കേസിന് പോയതിനെത്തുടർന്ന് വിനയന് അനുകൂല വിധിയുണ്ടാവുകയും വിനയന്റെ വിലക്ക് പിൻവലിക്കുകയും ചെയ്തു. 8 വർഷമായി പൂർണമായി തൊഴിൽ നിഷേധിക്കപ്പെട്ട അവസ്ഥയാണ്. ജീവിക്കാനുള്ള അവകാശത്തെ എതിർക്കുന്ന അവസ്ഥ. തൊഴിൽ ചെയ്യാനുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങൾക്കമുമ്പ് നടന്ന പ്രശ്നത്തിന്റെ തുടർച്ചയാണ് ഇപ്പോൾ സിനിമാ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കന്നത്. നടൻ  ദിലീപ് തുളസീദാസിന്റെ സിനിമയിൽ ഡേറ്റ് കൊടുത്തിട്ട്  അഭിനയിക്കാതിരിന്നു. ഇതിനെതിരെ നടപടി വേണമെന്ന് അന്ന് മാക്ടയുടെ പ്രസിഡന്റുകൂടിയായിരുന്ന വിനയൻ തീരുമാനമെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് മാക്ട പിളർന്ന് ഫെഫ്കയുണ്ടായി. ഈ പിളർപ്പിന്റെ പിന്നിൽ വ്യക്തമായും  ദിലീപിന്റെ കൈകളാണുള്ളതെന്ന് അലി അക്ബർ പറഞ്ഞു.

വിനയന്റെ രഘുവിന്റെ സ്വന്തം റസിയയിലും മറ്റൊരു സിനിമയിലും അഭിനയിച്ചതിന് തിലകൻ, മാള, തുടങ്ങിയവരെ വിലക്കി. വിലക്കിയതായി സർക്കുലർ ഇറക്കുകയും ചെയ്തു. എന്നാൽ മാധ്യമങ്ങളോട് വിലക്കില്ലെന്ന് കള്ളം പറഞ്ഞു. തുടർന്ന് വിലക്കേർപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ സർക്കുലറടക്കം തിലകൻ കോടതിയിൽ ഹാജരാക്കി. പിന്നീടങ്ങോട്ട് എല്ലാ തരത്തിലും വിലക്കുകയാണ് ഉണ്ടായത്. തിലകനെ സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് കാണിച്ച് ഫെഫ്കയുടെ  കത്ത്.ബി ഉണ്ണികൃഷ്ണൻ എല്ലാവർക്കും നൽകി.

തിലകനെ പരിപൂർണമായി വിലക്കിയപ്പോൾ താൻ  തിലകനെ വെച്ച് 2010 ജനുവരിയിൽ അച്ഛൻ എന്ന പേരിൽ ഒരു സിനിമ ചെയ്തു. ആ പടത്തിന്റെ റിലീസ് മുടക്കാൻ ഫെഫ്ക മുൻകൈയ്യെടുത്തു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഡി.സിയുടെ തീയറ്ററുകളിൽ എല്ലാ സിനിമകൾക്കും പ്രദർശനാനുമതി  നൽകണം എന്ന നിയമമുണ്ടായിരുന്നു. എന്നാൽ അത്തരം സാധ്യതകളെപ്പോലും തടഞ്ഞ് സിനിമയെ തകർക്കാൻ ഫെഫ്ക ശ്രമിച്ചു. ഒടുവിൽ താൻ മരണം വരെ സത്യാഗ്രഹം ഇരിക്കമെന്ന് പറഞ്ഞപ്പോഴാണ് നാല് തീയറ്ററുകൾ അനുവദിച്ചതെന്ന് അലി അക്ബർ ഓർമ്മിപ്പിച്ചു. ഒരു ദിവസത്തിൽ കൂടുതൽ കളിക്കാനുള്ള അനുമതിയും നിഷേധിച്ചു കൊണ്ടായിരുന്നു ഇത്. പിറ്റേന്ന് തന്നെ പടം മാറ്റുകയും ചെയ്തു. എന്നിട്ടു കൂടിയും സിനിമ റിലീസ് ചെയ്തു എന്ന കാര്യം ഫെഫ്കയെ ചൊടിപ്പിക്കുക തന്നെ ചെതെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീട് തിലകനെ വെച്ച്  രണ്ട് സിനിമകൾ കൂടി ചെയ്തു . അതിനു ശേഷമാണ് രഞ്ജിത്ത് ഇന്ത്യൻ റുപ്പി ചെയ്യുന്നത്. ആ സമയത്ത് തിലകന്റെ വിലക്ക് ഒഴിവാക്കുകയും തന്റേത് മാറ്റമില്ലാതെ തുടരുകയുമാണുണ്ടായതെന്നും അന്നു മുതൽ താൻ വിലക്കിലാണെന്നും അലി അക്ബർ ഓർമ്മിപ്പിച്ചു.

അന്ന് തിലകൻ സംഘടനയിൽ മാഫിയകളുണ്ട് എന്ന് തുറന്നുപറഞ്ഞതാണ് ഇവരെ ചൊടിപ്പിച്ചത്. ഇന്ന് അത് യാഥാർത്ഥ്യമായിരിക്കുകയാണ്‌. പോലീസ് ഇന്ന് ഈ മാഫിയയിൽപെട്ടവരെ അറസ്റ്റ് ചെയ്തിരിക്കുന്നു. പത്തു വർഷം മുമ്പ് പറഞ്ഞത് ഇപ്പോൾ തെളിവുകളടക്കം വ്യക്തമായിരിക്കുന്നു. അതിനർത്ഥം അന്നും ഇന്നും ഈ മേഖലയിൽ ഗുണ്ടകളുണ്ട് എന്നുതന്നെയാണ്.

നിലവിൽ വിലക്ക് ഒഴിവാക്കി ജോലി ചെയ്യാൻ അനുവദിക്കുക എന്നത് മനുഷ്യന്റെ അവകാശാമാണ്. ഏതെങ്കിലു ഒരു യൂണിയനിൽ ചേരണോ വേണ്ടയോ എന്നത് വ്യക്തിപരമാണ്. അതിലാരും ഇടപെടേണ്ട കാര്യവുമില്ല. ജോലി ചെയ്യാനുള്ള അവകാശത്തെ എന്ത് മാനദണ്ഡം വെച്ചാണ് മറ്റൊരാൾക്ക് എതിർക്കാൻ കഴിയുന്നതെന്ന് അലി അക്ബർ ചോദിക്കുന്നു. സംഘടനയിൽ നിന്ന് പുറത്താക്കുന്നത് സംഘടനയുടെ താൽപര്യമാണ്. എന്നാൽ ഒരു വ്യക്തിയുടെ കൂടെ സഹകരിക്കരുതെന്ന് പറഞ്ഞ് അയാളെ ഊരുവിലക്കുന്നത് അംഗീകരിക്കാനാവില്ല. പീഡനത്തിന് ഇരയായ നടിയെ സിനിമയിൽ നിന്നും മാറ്റി നിർത്തിയതും  ഇതുപോലെ തന്നെയാണ്. നടിയെ  ശാരീകമായി ഉപദ്രവിച്ചതിന് തുല്യമാണ് തന്നെ മാനസീകമായി പീഡിപ്പിക്കുന്നതെന്നും തങ്ങളൊക്കെ ഇത്തരം പ്രമുഖന്മാരുടെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെ തുടരാനാണെങ്കിൽ ഈ സംഘടനയുടെ ആവശ്യമില്ല .സംഘടന പിരിച്ചുവിട്ട് ബി ഉണ്ണികൃഷ്ണനൊക്കെ മാറി നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ കമ്യൂണിസ്റ്റ് ആദർശങ്ങൾ പറഞ്ഞു നടക്കുന്നവർ തൊഴിലാളികളുടെ മഹത്വം മനസിലാവാത്തത് എന്തുകൊണ്ടെന്ന കാര്യം മനസിലാവുന്നില്ല.

ദിലീപിന്റെ പേരിൽ കുറ്റാരോപണം വന്നപ്പോൾ തന്നെ വലിയ രീതിയിൽ അയാളെ പിന്തുണച്ചവരുണ്ട്. മലയാള സിനിമ ആദ്യമായൊന്നുമല്ല കുറ്റവാളികളെ സഹായിച്ചിട്ടുള്ളത്. അക്രമിക്കപ്പെട്ട നടിയെ സിനിമയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചത് ആരാണെന്നൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. അപ്പോൾപ്പിന്നെ മറ്റൊരു ശത്രു ഉണ്ടാവില്ലല്ലോ. അറസ്റ്റിലായ നടന്റെ കുടുംബ പ്രശ്നത്തിൽ നിന്നും തുടങ്ങുന്ന കാര്യമാണിതെന്നും പകൽ പോലെ വ്യക്തമാണ്. അമ്മയിലെ പലർക്കം സുനിൽകുമാറിനെ അടുത്തറിയുകയും ചെയ്യുന്നതാണ്. എന്നിട്ടും അതൊന്നും പറയാതിരിക്കുകയും അറിയില്ലെന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂനിയർ മാൻഡ്രേക്ക്, പൈ ബ്രദേഴ്സ്, കുടുംബ വാർത്തകൾ തുടങ്ങി ഇരുപതിലധികം സിനിമകൾ സംവിധാനം ചെയ്ത ആളാണ് അലി അക്ബർ.