നഴ്‌സുമാരുടെ സമരം ; ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിനെ അവഗണിച്ച് മാനേജ്‌മെന്റുകൾ

#

തിരുവനന്തപുരം (12.07.2017) : 20000 രൂപ മിനിമം അടിസ്ഥാന ശമ്പളമായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാന തൊഴിൽ, ആരോഗ്യ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന വ്യവസായ ബന്ധസമിതി നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറായില്ല. 20000 രൂപ മിനിമം അടിസ്ഥാനശമ്പളം എന്ന ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നഴ്‌സുമാർ. ജൂലൈ 17 മുതൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആ ദിവസം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) ഭാരവാഹികൾ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.

സർക്കാരിന്റെ മധ്യസ്ഥതയിൽ ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ ചർച്ച പൊളിഞ്ഞെങ്കിലും പല ആശുപത്രി മാനേജ്‌മെന്റുകളും നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറാണെന്ന് യു.എൻ.എ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചില വൻകിട ആശുപത്രി മുതലാളിമാരുടെ പിടിവാശിക്ക് മുന്നിൽ മാനേജ്‌മെന്റുകളും സർക്കാരും കീഴടങ്ങുകയായിരുന്നു എന്ന് ഇതിൽനിന്ന് വ്യക്തമായിരിക്കുന്നു. നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്നും തങ്ങളുടെ ലാഭത്തിന്റെ ചെറിയ പങ്ക് പോലും നഴ്‌സുമാർക്ക് ശമ്പളമായി നൽകുന്നില്ല എന്നത് ന്യായീകരിക്കാൻ കഴിയുന്നതല്ല എന്നും ഈ മാനേജ്‌മെന്റ് പ്രതിനിധികൾ സ്വകാര്യമായി അംഗീകരിക്കുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സംഘടനയുമായി ധാരണയിൽ ഒപ്പുവെയ്ക്കാൻ മുന്നോട്ടുവരുന്ന ആശുപത്രികളുടെ മാതൃക മറ്റു ആശുപത്രികളും പിന്തുടരുമെന്നാണ് യു.എൻ.എ നേതൃത്വത്തിന്റെ വിശ്വാസം.