മുകേഷിനെ ചോദ്യം ചെയ്യൽ ; മുഖ്യമന്ത്രിയുടെ അനുമതി തേടി പോലീസ്

#

തിരുവനന്തപുരം (13.07.2017) : നടിയെ ആക്രമിച്ച കേസിൽ മുകേഷിനെ ചോദ്യം ചെയ്യുന്നതിന് പോലീസ് മുഖ്യമന്ത്രിയുടെ അനുമതി തേടുന്നു. മുകേഷ് എം.എൽ.എ ആയതിനാൽ മുഖ്യമന്ത്രിയുടെ അനുമതിയോടു കൂടി ചോദ്യം ചെയ്യുന്നതാകും ഉചിതമെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മുകേഷിന്റെ മൊഴിയെടുക്കൽ ഒഴിവാക്കാനാവില്ല എന്ന വിവരം കൃത്യമായി അന്വേഷണസംഘം മുഖ്യമന്ത്രിയെ അറിയിക്കും. അന്വേഷണസംഘം രേഖാമൂലം ആവശ്യപ്പെട്ടാൽ വൈകാതെ മുഖ്യമന്ത്രി അനുമതി നല്കാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത വ്യക്തിബന്ധം പുലർത്തുന്ന ആളാണ് മുകേഷ്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് മുകേഷിന് കൊല്ലത്ത് സ്ഥാനാർത്ഥിത്വം ലഭിച്ചതെന്നതിനാൽ മുകേഷിനെ സംരക്ഷിക്കാൻ താൻ ശ്രമിച്ചു എന്ന ധാരണയുണ്ടാകുന്നത് മുഖ്യമന്ത്രി ഇഷ്ടപ്പെടാൻ ഇടയില്ല.

മുകേഷിനെതിരേ ശക്തമായ തെളിവുകൾ ശേഖരിച്ചതിനു ശേഷമാണ് പോലീസ് ചോദ്യം ചെയ്യാനുള്ള അനുമതി തേടുന്നത്. മുകേഷിന്റെ ഡ്രൈവറായിരിക്കെയാണ് പൾസർ സുനി നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ എടുക്കുന്നത്. ദിലീപിന് പൾസർ സുനിയെ പരിചയപ്പെടുത്തിയത് മുകേഷാണെന്ന് ദിലീപിന്റെ സഹായികൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ദിലീപിന് സുനിയെ പരിചയപ്പെടുത്തിയത് താനല്ലെന്നാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്. മുകേഷ് പറഞ്ഞത് കള്ളമാണെങ്കിൽ എന്തിന് കള്ളം പറഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ട്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് മുകേഷിന് അറിയുമായിരുന്നോ എന്നതാണ് വളരെ പ്രധാനപ്പെട്ട വിഷയം. മുകേഷിന് അക്കാര്യം അറിയാമായിരുന്നു എന്ന് തെളിഞ്ഞാൽ അറസ്റ്റ് ഒഴിവാക്കാനാകില്ല.

മുകേഷിനെ കൊല്ലം പോലെ ഇടതുമുന്നണിയുടെ സുരക്ഷിതമായ ഒരു സീറ്റിൽ മത്സരിപ്പിച്ചത് എന്തിനെന്നതിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. പി.കെ.ഗുരുദാസനെപ്പോലെ ക്ളീൻ ഇമേജുള്ള ഒരു നേതാവിനെ മാറ്റിയാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത്. പ്രാദേശികമായി അംഗീകാരമുള്ള നിരവധി നേതാക്കളുണ്ടായിരിക്കെ മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് പിണറായി വിജയൻറെ പ്രത്യേക താല്പര്യപ്രകാരമാണ്. ഏതെങ്കിലും പൊതുപ്രശ്നത്തിൽ ഇടപെട്ട പാരമ്പര്യമുള്ളയാളല്ല മുകേഷ്. മണ്ഡലത്തിൽ അധികം തങ്ങുക പോലും ചെയ്യാത്ത ഒരാളെ എന്തിന്റെ പേരിലാണ് സ്ഥാനാർത്ഥിയാക്കിയതെന്ന മണ്ഡലത്തിലെ സി.പി.എം- ഇടതുമുന്നണി പ്രവർത്തകരുടെ ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. സാധാരണക്കാർക്ക് എന്നല്ല, പാർട്ടി പ്രവർത്തകർക്ക് പോലും എം.എൽ.എ യെ കാണാൻ കിട്ടുന്നില്ല എന്ന പരാതിയും വ്യാപകമാണ്. മുകേഷിന് എതിരെ ശക്തമായ ജനവികാരം നിലനിൽക്കെ ദിലീപിനെ ന്യായീകരിച്ച് മുകേഷ് രംഗത്തുവന്നതോടെ വലിയ ജനരോഷമായി അത് മാറി.കടുത്ത സ്ത്രീവിരുദ്ധ മനോഭാവമുള്ളയാളാണ് മുകേഷെന്നും മദ്യപിച്ചു വന്നു തന്നെ മർദ്ദിക്കുക പതിവായിരുന്നെന്നുമുള്ള മുകേഷിന്റെ ആദ്യഭാര്യ സരിതയുടെ ആക്ഷേപം മണ്ഡലത്തിൽ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്‌. എന്തായാലും കൊല്ലത്തു മാത്രമല്ല, സംസ്ഥാനത്താകെ ഇടതുമുന്നണിക്ക് കടുത്ത തലവേദനയായി മാറുകയാണ് മുകേഷ്.