നഴ്‌സുമാരുടെ സമരം കേരളീയ സമൂഹം ഏറ്റെടുക്കണം

#

(13.07.2017) : സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തുന്ന സമരം സംസ്ഥാനത്തെ ജനങ്ങൾ ഒന്നടങ്കം ഏറ്റെടുക്കേണ്ടതാണ്. കേരളത്തിനുണ്ടെന്ന് നാം അവകാശപ്പെടുന്ന നേട്ടങ്ങളുടെ പ്രതീകമാണ് ഇവിടത്തെ നഴ്‌സിംഗ് സമൂഹം. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ വികസിത രാജ്യങ്ങളോട് ഒപ്പമാണ് കേരളത്തിന്റെ സ്ഥാനം. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെക്കാൾ പൊതുജനാരോഗ്യത്തിൽ നമ്മൾ ബഹുദൂരം മുമ്പിലായതിനു പിന്നിൽ മറ്റു പല ഘടകങ്ങളോടൊപ്പം, തലമുറകളായി നമ്മുടെ നഴ്‌സുമാർ ചെയ്യുന്ന അർപ്പണമനോഭാവത്തോടെയുള്ള സേവനത്തിന് പ്രധാന പങ്കുണ്ട്. കേരളത്തിലെ നഴ്‌സുമാരുടെ ആതുര സേവനത്തിലെ വൈദഗ്ദ്ധ്യവും അർപ്പണ മനോഭാവവും ലോകമാകെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. നഴ്‌സുമാർ നൽകിയ സംഭാവനയ്ക്ക് നമ്മുടെ സമൂഹം അവർക്ക് തിരിച്ച് എന്താണ് നൽകിയിട്ടുള്ളത്?

സ്വകാര്യ ആശുപത്രികൾ ഇന്ന് വൻ വ്യവസായമാണ് കേരളത്തിൽ. ആശുപത്രി മുതലാളിമാരും ഡോക്ടർമാരുമാണ് ഈ വ്യവസായത്തിൽനിന്ന് ലാഭം കൊയ്യുന്നത്. ചോദിക്കുന്ന ശമ്പളം നൽകിയാണ് ഓരോ ആശുപത്രിയും ഡോക്ടർമാരെ നിയമിക്കുന്നത്. കൊള്ള ലാഭം കൊയ്യുന്ന മുതലാളിമാർക്ക് എത്ര രൂപയും ഡോക്ടർമാർക്ക് നൽകാൻ മടിയില്ല. ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിന് പുറമേ, മരുന്നു കമ്പനികളും സ്കാനിംഗ് സെന്ററുകളും ഉൾപ്പെടെയുള്ളവർ നൽകുന്ന പണവും പറ്റുന്നവരാണ് മഹാഭൂരിപക്ഷം ഡോക്ടർമാരും. ഡോക്ടർമാരുടെ സേവന സാഹചര്യത്തിൽ പൂർണ്ണ നിയന്ത്രണം അവർക്കുണ്ട്. അവർക്ക് എല്ലാ സംരക്ഷണവും ആശുപത്രി മുതലാളിമാർ നൽകുന്നു. കഠിനമായി ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് നൽകുന്നത് തീരെ തുച്ഛമായ ശമ്പളമാണ്. ഡ്യൂട്ടി സമയത്തിന്റെ കാര്യം ഉൾപ്പെടെ സേവന സാഹചര്യങ്ങളിൽ വ്യവസ്ഥകളൊന്നും പാലിക്കപ്പെടാറില്ല. ശമ്പളത്തിന്റെ അപര്യാപ്‍തതയും സേവന സാഹചര്യങ്ങളിലെ ബുദ്ധിമുട്ടുമൊന്നും തങ്ങളുടെ തൊഴിലിനെ ബാധിക്കാതെ ശ്രദ്ധിക്കുന്നതിൽ നഴ്‌സുമാർ കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്.

തങ്ങൾ അനുഭവിക്കുന്ന തൊഴിൽ ചൂഷണത്തിന് എതിരായി നഴ്‌സുമാർ തെരുവിലിറങ്ങി സമരം ചെയ്യുന്നത് അധികം കണ്ടിട്ടില്ല. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്ന നിർബ്ബന്ധമാകാം തെരുവിലിറങ്ങിയുള്ള സമരങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിച്ചിട്ടുള്ളത്. സമരത്തിന് തയ്യാറാകാത്തവർക്ക് അവകാശങ്ങൾ സ്വാഭാവികമായി ലഭിക്കില്ല എന്നതുകൊണ്ടു തന്നെ നഴ്‌സുമാരുടെ ആവശ്യങ്ങൾ എന്നും അവഗണിക്കപ്പെട്ടു. ഇനി ഇങ്ങനെ മുന്നോട്ടു പോകാനാവില്ല എന്ന സ്ഥിതിയിലാണ് ഇപ്പോൾ കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ സമരവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ജനങളുടെ ആരോഗ്യം സംരക്ഷിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന നഴ്‌സിംഗ് തൊഴിലാളികളെ തെരുവിലിറക്കിയതിൽ ആശുപത്രികൾക്കും സർക്കാരിനും മാത്രമല്ല നമ്മുടെ സമൂഹത്തിനും ഒരു പങ്കുണ്ട്. തൊഴിലിനോട് നൂറു ശതമാനം കൂറു പുലർത്തി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ജനവിഭാഗത്തെ സമരത്തിലേക്ക് തള്ളിവിടാതെ ആ സമരം ഏറ്റെടുത്ത് അവർക്ക് വേണ്ടി വാദിക്കാനും പൊരുതാനുമുള്ള ബാധ്യത സമൂഹം ഏറ്റെടുക്കണം.രോഗം വന്ന് ആശുപത്രിയിൽ കിടക്കുമ്പോൾ നല്ല വാക്ക്‌ പറയുന്നതിലല്ല കാര്യം. നമുക്ക് വേണ്ടി അദ്ധ്വാനിക്കുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരോടൊപ്പം നിൽക്കാനും ജനങ്ങൾ തയ്യാറാകണം.

ആശുപത്രി മുതലാളിമാരെയും നഴ്സുമാരെയും ഒരുപോലെ കാണുന്ന സർക്കാരിന്റെ സമീപനം അംഗീകരിക്കാനാവില്ല. അനിശ്ചിതകാല സമരം നടത്തേണ്ടി വരുമെന്ന് നഴ്‌സുമാരും സമരത്തെ നേരിടുമെന്ന് മാനേജ്‌മെന്റുകളും പറയുമ്പോൾ ആരോഗ്യമന്ത്രി പ്രതികരിച്ചത്, ഇവർക്കൊന്നും ജനങ്ങളോട് ബാധ്യതയില്ലേ എന്ന ചോദ്യം കൊണ്ടായിരുന്നു. രോഗികളെ പിഴിഞ്ഞ് കൊള്ളലാഭമുണ്ടാക്കുന്ന ആശുപത്രി മുതലാളിമാരും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന നഴ്‌സുമാരും എങ്ങനെയാണ് ഒരുപോലെയാകുന്നത്? നഴ്‌സുമാരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം മനസ്സിലാക്കി അവരോടൊപ്പം നിന്ന് ആശുപത്രി മാനേജമെന്റുകളിൽ നിന്ന് നഴ്‌സിംഗ് തൊഴിലാളികൾക്ക് അവകാശപ്പെട്ട ശമ്പളം വാങ്ങി നൽകുകയാണ് തൊഴിലാളി വർഗ്ഗത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു പാർട്ടിയുടെയും മുന്നണിയുടെയും പ്രതിനിധി എന്ന നിലയിൽ കെ.കെ.ശൈലജ ചെയ്യേണ്ടത്. അതിനു പകരം മുതലാളിമാരും തൊഴിലാളികളും ഒരുപോലെയാണെന്ന് പറയുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ, നിരുത്തരവാദപരമാണ്. മന്ത്രിയും സർക്കാരും പറ്റിയ തെറ്റ് തിരുത്താൻ തയ്യാറാകണം. നഴ്സുമാരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന് സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്താൻ കേരളീയ സമൂഹം ഒറ്റക്കെട്ടായി തയ്യാറാകണം.