നിതീഷ്-ലാലു ഐക്യം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് അവസാന ശ്രമത്തില്‍

#

ന്യൂഡല്‍ഹി (17-07-17) : നിതീഷ് കുമാറും ലാലു പ്രസാദ്‌യാദവും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കെ, ഐക്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അവസാന ശ്രമത്തില്‍. ലാലുപ്രസാദിന്റെ മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന് എതിരേ സി.ബി.ഐ ഫയല്‍ ചെയ്ത കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ടു പരസ്യമായി മറുപടി പറയണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു. അതിനോട് നിഷേധാത്മകമായിട്ടായിരുന്നു ആര്‍.ജെ.ഡി പ്രതികരിച്ചത്. പരസ്യമായ മറുപടി എന്നത് രാജി എന്ന ആവശ്യത്തിലേക്ക് മാറിയിട്ടുണ്ട്.

അഴിമതിയോട് ഒരു തരത്തിലുള്ള സന്ധിയുമില്ല എന്ന നിലപാടിലാണ് നിതീഷ് കുമാര്‍. ഈ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ മദ്ധ്യസ്ഥത സ്വീകരിക്കാന്‍ നിതീഷും ലാലുവും ഒരുക്കമാണ്. എന്നാല്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു രൂപവുമില്ല. തോജസ്വിയാദവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നതിനു പകരം തേജസ്വി രാജിവെയ്ക്കുക എന്ന ഒരു നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതൃത്വം ആര്‍.ജെ.ഡിയുടെ മുന്നില്‍ വച്ചെങ്കിലും അത് സ്വീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.

ഇതിനിടയില്‍ ഡല്‍ഹിയിലേക്കുള്ള യാത്ര നിതീഷ് കുമാര്‍ വേണ്ടെന്ന് വെച്ചത് മദ്ധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെടുന്നതിന്റെ സൂചനയാണെന്ന സംശയമുണ്ട്. ജെ.ഡി.യുവിന്റെ ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കുന്നതോടൊപ്പം സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുക എന്ന ഉദ്ദേശ്യവും നിതീഷിന്റെ യാത്രയ്ക്കുണ്ടായിരുന്നു. അഴിമതിയുടെ കാര്യത്തില്‍ താന്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സന്ദേശം നല്‍കുന്ന കാര്യത്തില്‍ നിതീഷ് നിര്‍ബ്ബന്ധം പിടിക്കുമ്പോള്‍, ബി.ജെ.പി കൂടാരത്തില്‍ പോകാനുള്ള വ്യഗ്രതയാണ് നിതീഷിനെന്ന് വരുത്തിത്തീര്‍ക്കാനാണ് ലാലുവിന്റെ ശ്രമം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള നിതീഷിന്റെ തീരുമാനം ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള നീക്കത്തിന്റെ തുടക്കമായാണ് ലാലു കാണുന്നത്.

ബീഹാര്‍ നിയമസഭയില്‍ ലാലുവിന്റെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ആര്‍.ജെ.ഡിയുടെ 12 മന്ത്രിമാരെയും പിന്‍വലിച്ച് പുറത്തു നിന്ന് നിതീഷ് മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കുക എന്ന ആശയം ഒരു ഭീഷണിപോലെ ലാലു അന്തരീക്ഷത്തില്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം ആര്‍.ജെ.ഡിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെങ്കില്‍ നിതീഷിന്റെ മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്. ലാലുവും നിതീഷും വേര്‍പിരിഞ്ഞാല്‍ അത് ദേശീയ തലത്തില്‍ പ്രതിപക്ഷപ്പാര്‍ട്ടികളുടെ ഐക്യശ്രമങ്ങള്‍ക്ക് കനത്ത ആഘാതമാകുമെന്നതിനാല്‍ എന്തു വില നല്‍കിയും നിതീഷിനെയും ലാലുവിനെയും ഒന്നിപ്പിച്ചു നിര്‍ത്താനുള്ള തീവ്ര ശ്രമങ്ങളിലാണ് കോണ്‍ഗ്രസ് നേതൃത്വം.