നഴ്‌സുമാരുടെ സമരം : ജില്ലാ ഭരണകൂടം തോറ്റു

#

കണ്ണൂർ (17.07.2017) : നഴ്‌സുമാരുടെ സമരത്തെ പരാജയപ്പെടുത്താൻ എല്ലാ പരിധികളും ലംഘിച്ചുള്ള നീക്കമാണ് കണ്ണൂർ ജില്ലാ ഭരണകൂടം നടത്തിയത്. 144 പ്രഖ്യാപിച്ച് ഭീതി പരത്താനും നഴ്‌സിംഗ് വിദ്യാർത്ഥികളെ ജോലിക്കിറക്കി നഴ്‌സുമാരെ പരാജയപ്പെടുത്താനും ജില്ലാ ഭരണകൂടം നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ കങ്കാണികളെപ്പോലെ ജില്ലാ ഭരണകൂടം പെരുമാറിയത് വ്യാപകമായ പ്രതിഷേധത്തിന് ഇട നൽകിയിരുന്നു

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്‌സുമാരെ മാത്രമേ ജോലിക്ക് നിയോഗിക്കാൻ പാടുള്ളൂ എന്ന നിബന്ധന ലംഘിച്ച് നഴ്‌സിംഗ് വിദ്യാർത്ഥികളോട് സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട ജില്ലാ ഭരണകൂടം അവർക്ക് 150 രൂപ എന്ന പിച്ചക്കാശ് ദിവസ ശമ്പളമായി നിശ്ചയിക്കുകയും ചെയ്തു. 5 ദിവസം വിദ്യാർത്ഥികൾക്ക് ക്ലാസ് ഉണ്ടാകില്ലെന്ന് സ്വന്തം അധികാര പരിധി ലംഘിച്ച് പ്രഖ്യാപിക്കാനും ജില്ലാ ഭരണകൂടം മുതിർന്നു.

ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് നഴ്‌സിംഗ് വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി സമരം ചെയ്യുന്ന നഴ്സുമാരോടൊപ്പം ഉറച്ചു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യാൻ തയ്യാറല്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. നിയമവിരുദ്ധമായ ഒരു നീക്കത്തെയും അനുകൂലിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ വിദ്യാർത്ഥികൾ സമരം ചെയ്യുന്ന നഴ്സുമാരോടൊപ്പമാണ് തങ്ങൾ എന്ന് വ്യക്തമാക്കി. നഴ്സുമാരെയും നഴ്‌സിംഗ് വിദ്യാർത്ഥികളെയും തമ്മിലടിപ്പിച്ച് സ്വകാര്യ മാനേജ്‌മെന്റുകൾക്ക് വിടുപണി ചെയ്യാൻ ശ്രമിച്ച ജില്ലാ ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് വിദ്യാർഥികളിൽനിന്ന് ലഭിച്ചത്.

നഴ്‌സിംഗ് വിദ്യാർത്ഥികളെ ജോലിക്ക് നിയോഗിക്കാനുള്ള കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്താകെ ഉണ്ടായത്. യു.എൻ.എയും യു.എൻ.എയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ യു.എൻ.എസ്.എയും സംയുക്തമായി തൃശൂരിൽ ആരോഗ്യ സർവ്വകാലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് നഴ്‌സിംഗ് വിദ്യാർത്ഥികൾ പങ്കെടുത്തു. തലസ്ഥാനത്ത് നഴ്‌സിംഗ് കൗൺസിൽ ആസ്ഥാനത്തേക്ക് യു.എൻ.എയും യു.എൻ.എസ്.എയും നടത്തിയ മാർച്ചിലും വലിയ പങ്കാളിത്തമുണ്ടായിരുന്നു. സമരത്തിനുള്ള ജനപിന്തുണ മാനേജ്‌മെന്റുകളെയും ഭരണകൂടത്തെയും വിറളി പിടിപ്പിച്ചിട്ടുണ്ട്.