ഉത്തരവ് പിൻവലിക്കില്ലെന്ന് കണ്ണൂർ കളക്ടർ ; നഴ്‌സിംഗ് വിദ്യാർത്ഥികൾ സമരം തുടരുന്നു

#

കണ്ണൂർ (18.07.2017) : നഴ്‌സിംഗ് സമരത്തെ നേരിടാൻ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് അയക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സമരം ഇന്നും തുടരുന്നു. സമരത്തെ നേരിടാൻ സ്വീകരിച്ച കർശന നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ സമരം തുടരുന്നത്. ഇപ്പോഴത്തെ ഉത്തരവ് മൂന്ന് ദിവസങ്ങള്‍ കൂടി നിലനില്‍ക്കുമെന്നും അതിനു ശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കുമെന്നും കളക്ടര്‍ പറഞ്ഞു. അതേ സമയം ഒരു കാരണവശാലും ആശുപത്രികളിൽ ജോലിക്ക് പോകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാർത്ഥികൾ. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പരിയാരം നഴ്‌സിംഗ് കോളേജിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

വേതനവർദ്ധന ആവശ്യപ്പെട്ടുള്ള നഴ്‌സിംഗ് സമരത്തെ പൊളിക്കാനുള്ള കളക്ടറുടെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് നഴ്‌സിംഗ് വിദ്യാർത്ഥികളുടെയും നഴ്‌സിംഗ് സംഘടനകളുടെയും ഭാഗത്ത് നിന്നുണ്ടായത്. ജോലിക്ക് കയറാൻ തയ്യാറല്ലെന്ന നിലപാടിൽ വിദ്യാർത്ഥികൾ ഉറച്ച് നിന്നതോടെ കളക്ടറുടെ ഉത്തരവ് ആദ്യദിവസം തന്നെ പാളിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ജോലിക്കെത്താന്‍ വിസമ്മതിച്ചാല്‍ കോഴ്‌സുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. കളക്ടറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

മിനിമം വേതനം ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം ശക്തമാകുന്ന സാഹചര്യത്തിൽ സമരത്തെ പൊളിക്കാൻ മാനേജ്‌മെന്റുകൾക്ക് കൂട്ട് നിൽക്കുകയാണ് കണ്ണൂർ ജില്ലാ ഭരണകൂടമെന്ന ആരോപണം ഉയരുന്നുണ്ട്. നഴ്‌സിംഗ് വിദ്യാർത്ഥികളെ ആശുപത്രിയിൽ നിയോഗിക്കുന്നത് ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നതിന് തുല്യമാണെന്ന് യു.എൻ.എ ആരോപിച്ചു. നാല് വർഷം പഠനവും ട്രെയ്‌നിംഗും പൂർത്തിയാക്കി വരുന്ന നഴ്‌സുമാർക്ക് പോലും ജോലി അറിയില്ല എന്ന കാരണം പറഞ്ഞ് വേതനം നൽകാത്ത ആശുപത്രികൾ ഇപ്പോൾ പെട്ടെന്ന് വിദ്യാർത്ഥികൾക്ക് ജോലി അറിയാമെന്ന നിലപാട് സ്വീകരിച്ചോയെന്നും യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷാ ചോദിച്ചു.

സമരത്തെ നേരിടാൻ കർണ്ണാടകയിൽ നിന്നും നഴ്‌സുമാരെ കൊണ്ടുവരാനുള്ള മാനേജ്‌മെന്റ് നീക്കവും പൊളിഞ്ഞിരുന്നു. 20 മുതൽ സംസ്ഥാനവ്യാപകമായി പണിമുടക്ക് ആരംഭിക്കാനും 21 മുതൽ സംസ്ഥാനത്തെ മുഴുവൻ നഴ്സുമാരെയും സെക്രട്ടേറിയറ്റിന് മുന്നിലെത്തിച്ചുള്ള കടുത്ത സമരത്തിനുമാണ് യു.എൻ.എ തയ്യാറെടുക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.എൻ.എ ലേബർ കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്.