നഴ്‌സുമാരുടെ സമരം : മാനേജ്‌മെന്റുകളുടെ പി.ആർ പണി പൊളിയുന്നു

#

(18.07.2017) വേതനവർദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരത്തെ പൊളിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് സ്വകാര്യ ആശുപത്രി കച്ചവടക്കാർ. തുച്ഛമായ വേതനത്തിൽ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന നഴ്‌സുമാർ സംഘടിച്ചത് ആശുപത്രി മാനേജ്‌മെന്റുകളെ വിറളി പിടിപ്പിച്ചിരിക്കുന്നു. നഴ്‌സുമാരുടെ സമരത്തെ തകർക്കാനും ഇകഴ്ത്തി കാട്ടാനും പല രീതിയിൽ മാനേജ്‌മെന്റുകൾ ശ്രമിക്കുന്നുവെന്ന ആരോപണം മുൻപ് തന്നെ ഉയർന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സമരത്തെയും നഴ്‌സിംഗ് സംഘടനകളെയും താറടിച്ച് കാണിക്കുക എന്നതാണ് പുതിയ തന്ത്രം. കേരളം മുഴുവൻ ഒറ്റക്കെട്ടായി നഴ്‌സിംഗ് സമൂഹത്തെ പിന്തുണയ്ക്കുമ്പോൾ അവരെ അപമാനിക്കാനും നഴ്‌സിംഗ് സംഘടനകളാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് പ്രചരിപ്പിക്കാനും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മാനേജ്‌മെന്റിന്റെ കുഴലൂത്തുകാരായ ചിലർ.

രാത്രിയിൽ പൈങ്കിളി കഥകൾ വായിച്ചിരിക്കലും മൊബൈലിൽ സംസാരിക്കലുമാണ് നഴ്‌സുമാർ ചെയ്യുന്നതെന്നും അതിന് അവർക്ക് ഇപ്പോൾ കിട്ടുന്ന വേതനം തന്നെ അധികമെന്നുമാണ് സംഘപരിവാർ അനുകൂല പോസ്റ്റുകൾ നിരന്തരം ഷെയർ ചെയ്യുന്ന ഒരു സൈബർ പോരാളിയുടെ പോസ്റ്റ്. സമരം ചെയ്യുന്ന നഴ്‌സുമാരെ വ്യക്തിഹത്യ ചെയ്യുന്ന ഈ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അയാൾ. അസംഘടിത മേഖലയിലെ തൊഴിലാളികൾ പതിനായിരം രൂപയിൽ താഴെ വേതനത്തിന് മാന്യമായി ജോലി ചെയ്യുന്നുണ്ടെന്നും സംഘടന ഇല്ലാത്തത് കൊണ്ടാണ് ഈ മഹാകാര്യം സാധിക്കുന്നതെന്നുമാണ് ഇയാളുടെ കണ്ടെത്തൽ.

നഴ്സുമാരോട് അതിയായ സഹതാപമാണെന്നും എന്നാൽ അവരുടെ സംഘടനകളാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നും വാദിക്കുന്ന ഒരുപടി കൂടി കടന്ന തന്ത്രമാണ് ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമായ മാധ്യമപ്രവർത്തകൻ എന്ന് സ്വയം വിളിക്കുന്ന മാനേജ്‌മെന്റിന്റെ പി.ആർ.ഓയുടെത്. നഴ്‌സുമാർക്ക് സംഘടന ആവശ്യമില്ലെന്നും ആ സംഘടനകളൊക്കെ അരാഷ്ട്രീയമാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. നഴ്‌സിംഗ് സംഘടനകളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുക എന്നതാണ് തന്ത്രം. നഴ്‌സുമാർ പാവങ്ങളാണെന്നും സംഘടനയും സമരവും ഒന്നും ചെയ്യാതിരുന്നാൽ മാനേജ്‌മെന്റുകൾ കഷ്ടം തോന്നി ശമ്പളം കൂട്ടിക്കൊടുക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.

നഴ്‌സുമാരുടെ അവകാശ സമരത്തെ പൊളിക്കാൻ പല വഴികളും തേടുന്ന മാനേജ്‌മെന്റുകളുടെ പി.ആർ പണിയേറ്റെടുത്ത കുഴലൂത്തുകാരുടെ വാദങ്ങളെ നഴ്‌സുമാർ അപ്പപ്പോൾ തന്നെ പൊളിച്ചടുക്കുന്നുണ്ട്. മാധ്യമ പ്രവർത്തകൻ എന്ന പേരിൽ ചാനലുകളിൽ വന്നിരുന്ന് മാനേജ്‌മെന്റിന് വേണ്ടി വാദങ്ങൾ ഉന്നയിച്ചയാൾക്ക് യു.എൻ.എ നേതാക്കളുടെ ചോദ്യശരങ്ങളുടെ മുന്നിൽ ഉത്തരം മുട്ടുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു. ഏതു മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിക്കൊണ്ടാണ് നിങ്ങൾ ഇവിടെ വന്നിരിക്കുന്നതെന്ന് ഇയാളോട് നഴ്‌സുമാരുടെ നേതാക്കൾ തുറന്നു തന്നെ ചോദിച്ചു. ഇത്രനാളും ഒരു രംഗത്തും കാണാതിരുന്ന നിങ്ങൾ ഇപ്പോൾ എവിടെനിന്നാണ് പ്രത്യക്ഷപ്പെട്ടതെന്ന ചോദ്യത്തിനുമുന്നിലും സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകന് ഉത്തരം മുട്ടി. ചാനലുകളിൽ ചർച്ച കഴിഞ്ഞിറങ്ങുമ്പോൾ ആരാണ് നിങ്ങളെ കാത്തുനിൽക്കുന്നതെന്നും ആരുടെ വാഹനങ്ങളിൽ കയറിയാണ് നിങ്ങൾ പോകുന്നതെന്ന് ഞങ്ങൾക്കറിയാമെന്നും യു.എൻ.എ നേതാക്കൾ തുറന്നടിച്ചപ്പോൾ നാക്കിറങ്ങിപ്പോയതുപോലെ ആയിരുന്നു മാധ്യമപ്രവർത്തകന്റെ ഇരിപ്പ്.

മാനേജ്‌മെന്റുകൾ പണം ചെലവാക്കി നടത്തുന്ന പി.ആർ പണി ജനങ്ങളിൽ വിപരീത ഫലമാണ് സൃഷ്ടിച്ചിട്ടുള്ളത്. നഴ്‌സുമാരുടെ സമരത്തിന് ദിനംപ്രതി ജനപിന്തുണ കോടി വരുന്നതിനെ എങ്ങനെ നേരിടണമെന്നറിയാതെ മാനേജ്‌മെന്റ് പ്രയോഗിക്കുന്ന ഓരോ തന്ത്രവും പാളുകയാണ്.