ജീവന് ഭീഷണി ; അപകർത്തിപ്പെടുത്താൻ ശ്രമം : മുഖ്യമന്ത്രിക്ക് ദീപാനിശാന്തിന്റെ പരാതി

#

തൃശൂര്‍ (21-07-17) : സമൂഹ മാധ്യമങ്ങളില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കാവിപ്പട, ഔട്ട്‌സ്‌പോക്കണ്‍ എന്നീ ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ തൃശൂര്‍ കേരളവര്‍മ്മകോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. അപകീര്‍ത്തികരമായ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ദീപാനിശാന്തിനെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നു കാട്ടി സംഘപരിവാര്‍ ഗ്രൂപ്പില്‍ പോസ്റ്റുകളും വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്.

വിഖ്യാത ചിത്രകാരന്‍ എംഎഫ് ഹുസൈന്‍ വരച്ച സരസ്വതിയുടെ പെയ്ന്റിംഗ് എസ്എഫ്‌ഐ കേരള വര്‍മ കോളേജില്‍ സ്ഥാപിച്ചതിനെതിരെ സംഘ പരിവാര്‍ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐയെ അനുകൂലിച്ച് കോളേജിലെ അധ്യാപികയായ ദീപ നിശാന്ത് ഫെയ്സ്ബുക്കിൽ എഴുതുകയുണ്ടായി. ഇതോടെയാണ് സംഘപരിവാര്‍ സംഘടനകള്‍ ദീപ നിശാന്തിനെതിരെ തിരിഞ്ഞത്. നഗ്ന ഉടലിനോട് ദീപാനിശാന്തിനെ്‌റ മുഖം മോര്‍ഫ് ചെയ്ത് തീവ്ര ഹിന്ദു ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്നു. സ്ത്രീ എന്ന നിലയില്‍ തന്നെ അവഹേളിക്കുകയും അപമാനിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നുണ്ട്.