എം.എൽ.എയ്ക്ക് എതിരായ ലൈംഗികാരോപണം : കോൺഗ്രസ് പ്രതിരോധത്തിൽ

#

തിരുവനന്തപുരം (21-07-17) : നടിയെ ആക്രമിച്ച കേസിൽ ഇടപെട്ടുവെന്ന് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്ന കോൺഗ്രസിന്, സ്വന്തം എം.എൽ.എ ക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം തിരിച്ചടിയായി. കോവളം എം.എൽ.എ എം.വിന്സന്റിനെതിരായ ലൈംഗികാരോപണമാണ്  കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. വിൻസെന്റിനെതിരെ കേസ് എടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ കരുതലോടെയാണ് വിഷയത്തിൽ നേതൃത്വം പ്രതികരിക്കാൻ തയ്യാറായത്.

ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് എം.വിൻസെന്റ് പറയുന്നുണ്ടെങ്കിലും   എം.എൽ.എ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതിയും കുടുംബവും ഉറച്ചു നിൽക്കുകയാണ്. ഇതുസംബന്ധിച്ച് യുവതി സഹോദരനുമായി നടത്തിയ  ഫോൺ സംഭാഷണങ്ങളും എം.വിൻസെന്റ് യുവതിയുടെ സഹോദരനെ വിളിച്ച് ഒത്തുതീർപ്പിന് ശ്രമിക്കുന്ന ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. പരാതിയുടെ അന്വേഷണ ചുമതലയുള്ള കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിതാ ബീഗം ആശുപത്രിയിലെത്തി യുവതിയുടെ മൊഴി എടുത്തു യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയും ചെയ്തു.

യുവതി ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ വൈദ്യപരിശോധനയിൽ പീഡനത്തിന് ഇരയായതായി തെളിഞ്ഞാൽ എം.എൽ.എക്കെതിരെ ബലാത്സംഗത്തിനും കേസെടുക്കും. അങ്ങനെവന്നാൽ നിയമസഭാംഗത്വം രാജിവെക്കുകയല്ലാതെ മറ്റുവഴിയില്ല.

ഓഗസ്റ്റ് ഏഴിന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ കോൺഗ്രസ്സ് എം.എൽ.ക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം പാർട്ടിക്ക് കനത്ത തിരിച്ചടിയാകും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേസ് ഒതുക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണെന്ന വാദം ഉയർത്തുന്ന കോൺഗ്രസിന്റെ പ്രതിഷേധങ്ങളുടെ മുനയൊടിക്കുന്നതാണ് സ്വന്തം എം.എൽ.എക്ക് നേരേ ഉയരുന്ന ആരോപണം.