മത്സരിക്കാനില്ല : നിലപാട് വ്യക്തമാക്കി യെച്ചൂരി

#

ന്യൂഡല്‍ഹി (24-07-17) : രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനില്ലെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോയെ ഇക്കാര്യം അറിയിച്ചുവെന്നും നാളെകേന്ദ്രക്കമ്മിറ്റിയില്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി മാസങ്ങളായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകമാണ് തുടക്കം മുതല്‍ ആവശ്യപ്പെടുന്നത്. യെച്ചൂരിയെ പോലെ ഒരാള്‍ രാജ്യസഭയില്‍ ആവശ്യമാണെന്നും ഇതിനായി രണ്ട് ടേം എന്ന പാര്‍ട്ടി നിബന്ധന ഒഴിവാക്കണമെന്നുമായിരുന്നു ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് പാര്‍ട്ടിയും യെച്ചൂരി മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് .യെച്ചൂരി മത്സരിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം ഉറച്ച നിലപാടെടുത്തതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന് നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചത്. അതേ സമയം യെച്ചൂരി തന്നെ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച് വി.എസ്. അച്ചുതാനന്ദൻ കേന്ദ്രകമ്മിറ്റിക്ക് കത്തെഴുതിയിരുന്നു.

ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി യെച്ചൂരിയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കരുതെന്ന പാര്‍ട്ടി നയം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ലംഘിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.