അണികളെ കൊല്ലാൻ വിട്ടിട്ട് ചർച്ച നടത്തുന്നത് അപഹാസ്യം : ചെന്നിത്തല

#

തിരുവനന്തപുരം (31-07-17) : സി.പി.എമ്മും ബിജെപിയും അണികളെ കൊല്ലാൻ വിട്ടിട്ട് സമാധാന ചർച്ച നടത്തുന്നത് അപഹാസ്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി-സി.പിഎം സംഘർഷത്തിന്റെയും ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉഭയകക്ഷി ചർച്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

മാധ്യമങ്ങളെ  ചർച്ച നടന്ന ഹാളിൽ നിന്ന് ആട്ടിയോടിച്ചതിനു പിന്നിൽ രഹസ്യ അജണ്ടയുണ്ട്. സി.പി.എമ്മിന് ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണിത്. ഇരുപാർട്ടികളും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. ബോംബ് ഉണ്ടാക്കുന്നവർക്ക് ഉപവാസത്തിന്റെ മഹാത്മ്യം അറിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ യജ്‌ഞം സംഘടിപ്പിച്ചു. രാജ്ഭവൻ മാർച്ചാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് ആസ്ഥാനത്ത് പ്രാർത്ഥനാ യജ്‌ഞം നടത്താൻ തീരുമാനിക്കുകയായിരുന്നു.