മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കത്തോലിക്ക സഭ

#

കൊച്ചി (31-07-17) : നഴ്‌സുമാരുടെ സമരത്തിലെ ഒത്തുതീര്‍പ്പ് ധാരണകള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ മധ്യസ്ഥശ്രമങ്ങളെ പരസ്യമായി വെല്ലുവിളിച്ച് കത്തോലിക്കാ സഭ. സഭ ഹോസ്പ്പിറ്റല്‍ അസോസിയേഷന്റെ കീഴില്‍ വരുന്ന ലിസി ഹോസ്പ്പിറ്റലിലാണ് മുഖ്യമന്ത്രിയുമായി ഇടപെട്ട് നടത്തിയ ചര്‍ച്ചാ തീരുമാനങ്ങളുടെ പരസ്യമായ ലംഘനം നടന്നിരിക്കുന്നത്.

വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ നേതൃനിരയില്‍ നിന്നിരുന്ന 12 നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പിരിച്ചു വിട്ടിരിക്കുകയാണ്. സമരം നടത്തിയതിന്റെ പേരില്‍ നഴ്‌സുമാര്‍ക്കെതിരെ യാതൊരു തരത്തിലുള്ള പ്രതികാര നടപടികള്‍ പാടില്ലെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വാക്കുകള്‍ക്ക് പുല്ലുവില നല്‍കിയാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റെിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍.

ട്രെയിനിംഗ് സംവിധാനം വിജയകരമാക്കുന്നതിനാണെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ നഴ്‌സുമാര്‍ക്കായി ഒരു പരീക്ഷ നടത്തിയിരുന്നു. ഇതില്‍ മനപ്പൂര്‍വ്വം പരാജയപ്പെടുത്തിയാണ് നഴ്‌സുമാരെ പിരിച്ചു വിട്ടത്. നോട്ടീസ് പിരീഡ് പോലും നല്‍കാതെ പെട്ടെന്നുള്ള ഈ പിരിച്ചുവിടല്‍ സമരമുന്നണിയില്‍ നിന്നിരുന്ന നഴ്‌സുമാരോടുള്ള പ്രതികാരം തന്നെയാണെന്ന് വ്യക്തമാണ്.

ഹോസ്പ്പിറ്റല്‍ അസോസിയേഷന്റെ ഭാരവാഹി കൂടിയായ ഫാദര്‍ വൈക്കത്തുപറമ്പിലാണ് ലിസി ഹോസ്പ്പിറ്റലിന്റെ മുഖ്യ ചുമതലക്കാരന്‍. നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് എല്ലാ തലത്തിലും നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകളിലും പങ്കാളിയായിരുന്ന ഇദ്ദേഹം മുന്‍കൈയ്യെടുത്ത് നടത്തിയ പിരിച്ചു വിടല്‍ നാടകം മുഖ്യമന്ത്രിയുടെ വാക്കുകളുടെ പരസ്യമായ വെല്ലുവിളിയാണ്.