ബോഡിഡ്യൂപ്പ് : ജീന്‍പോള്‍ലാലും ശ്രീനാഥ്ഭാസിയും ജാമ്യാപേക്ഷ നല്‍കി

#

കൊച്ചി (02-08-17) : യുവനടിയുടെ അനുവാദമില്ലാതെ ഹണീബി 2 എന്ന  സിനിമയില്‍ ബോഡി ഡ്യൂപ്പ് ഉപയോഗിച്ച സംഭവത്തില്‍ ആരോപണവിധേയരായ സംവിധായകന്‍ ജീന്‍പോള്‍ലാല്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍ അനിരുദ്ധ്, അണിയറ പ്രവര്‍ത്തകന്‍ അനൂപ് എന്നിവരും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കോടതിയിൽ നൽകും.  ബോഡിഡ്യൂപ്പ് ചിത്രത്തില്‍ ഉപയോഗിച്ചെന്ന യുവനടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസാധൂകരിക്കുന്ന മൊഴികളും അന്വേഷണസംഘത്തിനു ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിനിമയുടെ സെന്‍സര്‍കോപ്പി പരിശോധിക്കാനും പോലീസ് സംഘം തീരുമാനിച്ചിരുന്നു. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും സെറ്റിലുണ്ടായിരുന്ന മറ്റു ചിലരുടെയും മൊഴിയാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സെറ്റില്‍ പ്രശ്‌നങ്ങളുണ്ടായെന്നും നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം ചിത്രത്തിന്‍െ്‌റ മേക്കപ്പമാനെയും ചോദ്യംചെയ്തിരുന്നു. യുവനടിക്ക് സെറ്റില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഇയാള്‍ അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. യുവനടിയുടേതെന്ന വിധത്തില്‍ ഡ്യൂപ്പിന്റെ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച് ചിത്രത്തില്‍ ഉള്‍പ്പെടുത്തി എന്നാണ് കണ്ടെത്തിയത്.  സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ ലൈംഗികചുവയോടെ സംസാരിച്ചുവെന്നും തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നും യുവനടിയുടെ പരാതിയില്‍ പറയുന്നു. സംവിധായകന്‍ ജീന്‍പോള്‍ ലാല്‍,നടന്‍ ശ്രീനാഥ് ഭാസി, അസി. ഡയറക്ടര്‍ അനിരുദ്ധ്, അണിയറ പ്രവര്‍ത്തകന്‍ അനൂപ് എന്നിവര്‍ക്കെതിരെ പനങ്ങാട് പൊലീസ് ഒരാഴ്ച മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ ആരെയും ചോദ്യം ചെയ്തിട്ടില്ല.