മതനിരപേക്ഷതയ്ക്ക് മേൽ കാവിക്കൊടി പാറിക്കാനുള്ള ശ്രമം : കെ.ഇ.എൻ

#

(05-08-17) : (സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ രക്ഷാബന്ധന് അവധി പ്രഖ്യാപിച്ച വിവരം ലെഫ്റ്റ് ക്ലിക് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരേന്ത്യയിലെ ഹൈന്ദവ ആഘോഷങ്ങൾക്ക് കേരളം പോലെ ഒരു സംസ്ഥാനത്ത് അവധി നൽകുന്നതിന്റെ യുക്തി എന്താണ്? പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പ്രതികരിക്കുന്നു.)

മതനനിരപേക്ഷതയുടെ പ്രാണന്‍ എന്നു പറയുന്നത് ആചാരപരമായ നിഷ്പക്ഷതയാണ്. ഏതു ആചാരവും ഏതെങ്കിലും തരത്തിലുള്ള വിശ്വാസപ്രമാണത്തിന്റെ, മൂല്യബോധത്തിന്റെ, കാഴ്ചപ്പാടുകളുടെ ബാഹ്യമായ ദൃഢീകരണത്തിന് ഉദ്ദേശിച്ചുള്ളതാണ്. ഇത് മനസ്സിലാക്കാന്‍ അല്‍ത്യൂസര്‍ വായിക്കണമെന്ന് നിര്‍ബ്ബന്ധമില്ല. അല്‍ത്യൂസറിനെ മുമ്പു തന്നെ ആചാരങ്ങള്‍ ഏതര്‍ത്ഥത്തിലാണ് നമ്മുടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പല ചിന്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആചരിച്ചില്ലെങ്കില്‍ താന്‍ പുറന്തള്ളപ്പെടും എന്ന ഭീതി കൊണ്ടാണ് പലരും ഇതിന് നിന്നു കൊടുക്കുന്നത്.

ഉത്തരേന്ത്യയിലുള്ള രക്ഷാബന്ധന്‍ പോലും എങ്ങനെ നിലവില്‍ വന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. അത് ഉത്തരേന്ത്യയിലെ മുഴുവന്‍ മനുഷ്യരും, ജാതിമതഭേദമെന്യേ ആചരിക്കുന്ന ഒന്നായിരുന്നില്ല. പതുക്കെ പതുക്കെ ഈ ആചാരം മേല്‍ക്കോയ്മ സ്ഥാപിക്കുകയും അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്നുള്ള ഒരവസ്ഥ വരുത്തിത്തീര്‍ക്കുകയുമാണ് ഉണ്ടായത്. അപ്പോള്‍ പോലും അതില്‍ നിന്ന് കുതറി നില്‍ക്കുന്ന ധാരാളം മനുഷ്യരെ തീര്‍ച്ചയായും കാണാന്‍ കഴിയും. ഇത്തരത്തിലുള്ള ഉത്തരേന്ത്യന്‍ ആചാരങ്ങള്‍ കേരളം പോലൊരു പ്രബുദ്ധമായ, അല്ലെങ്കില്‍ പ്രബുദ്ധമെന്ന് കരുതപ്പെടുന്ന ഒരു സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നതിന്റെ യുക്തി സൂക്ഷ്മമായി പരിശോധിക്കണം.

ഉത്തരേന്ത്യ എന്നു പറയുന്നത് നവോത്ഥാനത്തിന്റെയും ഇടതുപക്ഷ ഇടപെടലിന്റെയും കുറവുകൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. അക്കൂട്ടത്തില്‍ തന്നെയാണ് യോഗ ഉള്‍പ്പെടെയുള്ള സംഭവങ്ങളെയും നാം നോക്കിക്കാണേണ്ടത്. 2017 ലെ മേയ് ഒന്നും 2017 ലെ ജൂണ്‍ 21 ഉം താരതമ്യപ്പെടുത്തിയാല്‍ ഏതു തരത്തിലാണ് മേയ് 1 മങ്ങുകയും ജൂണ്‍ 21 സാര്‍വ്വദേശീയ യോഗദിനം ജ്വലിക്കുകയും ചെയ്തത് എന്ന് വ്യക്തമാകും. മേയ് 1 സാര്‍വ്വദേശീയ തൊഴിലാളി ദിനമാകാന്‍ വേണ്ടി ഒരുപാട് സമരങ്ങള്‍ നടന്നിട്ടുണ്ട്. എത്രയോ കണ്ണീര് ചൊരിഞ്ഞിട്ടുണ്ട്. കിനാക്കള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു തുള്ളി ചോര ചൊരിയാതെ ഇല്ലാത്ത ഒരു ദിവസം സാര്‍വ്വദേശീയ ദിനമായി മാറ്റപ്പെടുകയാണ് ഉണ്ടായത്. പതഞ്ജലി മഹര്‍ഷിയുടെ ജനനത്തീയതിയും ചരമത്തീയതിയും നമുക്ക് കൃത്യമായി അറിയില്ല. ഹെഡ്ഗവാറിന്റെ ചരമത്തീയതിയാണ് ജൂണ്‍ 21 എന്ന് നാം കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഘപരിവാറിന്റെ ആദ്യ ഗുരുജിയുടെ ചരമദിനം യോഗയുടെ സാര്‍വ്വദേശീയ ദിനമായി ആചരിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞപ്പോള്‍ ഇപ്പുറത്ത് മേയ്ദിനം മങ്ങിപ്പോയത് ജനാധിപത്യവാദികള്‍ തിരിച്ചറിയേണ്ടതുണ്ട്. എങ്ങനെയാണ് ജൂണ്‍ 21 മേയ് 1 നെ വിഴുങ്ങിയത് എന്നത് വളരെ പ്രധാനമാണ്. വളരെ വ്യക്തിപരമായിരുന്ന, രഹസ്യസ്വഭാവം സൂക്ഷിച്ചിരുന്ന യോഗ എങ്ങനെയാണ് ഇത്ര പ്രഹസനാത്മകമായത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. യോഗ ഡാന്‍സ് ഒക്കെ കണ്ടാല്‍ പതഞ്ജലി മഹര്‍ഷി, ബാബാരാംദേവ് എന്ന പതഞ്ജലിയല്ല, ഇന്ത്യാക്കാര്‍ക്ക് ആകെ അഭിമാനമായിരുന്ന പഴയ പതഞ്ജലി മഹര്‍ഷി ഹൃദയം പൊട്ടി മരിച്ചു പോകും.

ഉത്തരേന്ത്യയില്‍ത്തന്നെ സര്‍വ്വരുടേതുമല്ലാതിരുന്ന രക്ഷാബന്ധന്‍, സാംസ്‌കാരിക മേല്‍ക്കോയ്മയിലൂടെ, അതില്‍ താല്പര്യമില്ലാതിരുന്നവരില്‍ പോലും അടിച്ചേല്‍പ്പിച്ച് ഉത്തരേന്ത്യയില്‍ മാത്രമായി പരിമിതപ്പെട്ടു കഴിയുകയായിരുന്നു. കേരളത്തില്‍ ആര്‍.എസ്.എസ്സുകാര്‍ കുറച്ചുപേര്‍ പരസ്പരം രക്ഷാബന്ധന്‍ കെട്ടുന്ന പതിവുണ്ടായിരുന്നു എന്നത് ശരിയാണ്. അതിനെ ഔദ്യോഗിക ഭരണ സംവിധാനത്തെയും വിദ്യാഭ്യാസ മണ്ഡലത്തെയും ഉപയോഗപ്പെടുത്തി കേരളത്തിലേക്ക് കൂടി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതു വളരെ അപകടകരമാണ്. ആചാരപരമായ നിഷ്പക്ഷത എന്ന മത നിരപേക്ഷതയുടെ ന്യൂക്ലിയസിനു മുകളിലാണ് കാവിക്കൊടി പറപ്പിക്കാന്‍ ശ്രമിക്കുന്നത്.