കുവൈറ്റിൽ മലയാളി നഴ്‌സുമാർക്ക് ദുരിതജീവിതം ; ഇടപെടുമെന്ന് യു.എൻ.എ

#

തിരുവനന്തപുരം (05.08.2017) : കുവൈറ്റിൽ ഒരുകൂട്ടം മലയാളി നഴ്‌സുമാർക്ക് ദുരിതജീവിതം. മലയാളിയുടെ ഉടമസ്ഥതയിലുള്ള അലീഷാ ഹോം കെയർ ആൻറ് മെഡികെയർ എന്ന സ്ഥാപനത്തിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് മതിയായ ശമ്പളം ലഭിക്കാതെയും തൊഴിൽ പീഡനം മൂലവും തിരികെ നാട്ടിലേക്ക് മടങ്ങാൻ പോലുമാവാതെ ദുരിതത്തിൽ ആയിരിക്കുന്നത്. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ തന്നോട് സഹായം അഭ്യർത്ഥിച്ചതായി യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് പറഞ്ഞു. അലീഷാ ഹോം കെയർ ആൻറ് മെഡികെയർ എന്ന സ്ഥാപനം മാത്യു എന്ന തൊടുപുഴക്കാരൻ മലയാളിയുടേതാണെന്നും സിബി അറിയിച്ചു.

കുവൈറ്റിൽ അലീഷാ ഹോം കെയർ ആൻറ് മെഡികെയർ എന്ന സ്ഥാപനത്തിൽ ആണ് അവർ ജോലി ചെയുന്നത്. ചെങ്ങന്നൂർ കിടങ്ങുർ ഉള്ള നികിത ട്രാവെൽസ് എന്ന ഏജൻസിയിലെ കലേഷ് എന്ന വ്യക്തി വഴി ഒന്നര ലക്ഷം രൂപ കൊടുത്തു ആണ് ജി എൻ എം ക്കാർ ആയ അവർ കുവൈറ്റിന് പോയത്. അമ്പതിനായിരം രൂപ ശമ്പളം പറഞ്ഞു ആണ് കൊണ്ട് പോയത്. ഏകദേശം 350 നഴ്സുമാർ ഈ സ്ഥാപനത്തിൽ ജോലി ചെയുന്നുണ്ട്. രണ്ട് വർഷം കോൺട്രാക്ട് എഴുതിയാണ് അവരെ ഇവിടെ നിന്ന് കൊണ്ട് പോയത്.ഇപ്പോൾ അവർക്കു നൽകുന്നത് നാല്പതിനായിരം രൂപയ്ക്കു താഴെ ആണ് (180-205 കുവൈറ്റ് ദിനാർ ). ഹോം കെയർ ആയത് കൊണ്ട് തന്നെ ജോലി സമയം ദിവസം പന്ത്രണ്ട് മുതൽ പതിനാറ് മണിക്കൂർ ആണ്. ചില വീടുകളിൽ ചെന്നാൽ കുടിക്കാൻ വെള്ളം പോലും നൽകില്ല എന്ന് നഴ്‌സുമാർ പറയുന്നു.രണ്ട് വർഷം കോൺട്രാക്ട് കഴിഞ്ഞാൽ രക്ഷപെടാം എന്ന് കരുതിയാൽ അതും നടക്കില്ല കുറഞ്ഞത് അഞ്ച് കൊല്ലം എങ്കിലും കഴിഞ്ഞാലേ പാസ്പോർട്ട് തിരികെ നൽകുകയുള്ളൂ എന്നാണ് മാനേജ്‌മന്റ് പറയുന്നതെന്നും നഴ്‌സുമാർ പറയുന്നു.

ഒരു ദിവസത്തെ ജോലിക്ക് നൽകുന്നത് ആയിരത്തി അഞ്ഞൂറ് രൂപ ആണ്. പക്ഷേ ഒരു ലീവ് എടുത്താൽ രണ്ടായിരത്തി അഞ്ഞൂറ് രൂപ പിഴ ഈടാക്കും. എന്തെങ്കിലും പരാതി പറഞ്ഞാൽ ജെസ്സി ചാക്കോ എന്ന മലയാളി നഴ്‌സ്‌ മാനേജർ ഒട്ടും സുരക്ഷിതം അല്ലാത്ത വീടുകളിലേക്ക് ജോലിക്ക് അയക്കും .ജീവനിൽ പേടി ഉള്ളത് കൊണ്ട് ആരും പരാതി പറയില്ല. ഇത്രയും വിവരം പുറത്ത് വിട്ടത് തങ്ങൾ ആണെന്ന് മാനേജ്‌മെന്റ് അറിഞ്ഞാൽ കൊല്ലാനും മടിക്കില്ല എന്നാണ് നഴ്‌സുമാർ പറഞ്ഞതെന്നും സിബി മുകേഷ് വ്യക്തമാക്കി.

ഇനി ഒരു നിമിഷം പോലും അവിടെ തുടരാൻ അവർ ആരും ആഗ്രഹിക്കുന്നില്ലെന്നും എങ്ങനെയും കോൺട്രാക്ട് അവസാനിപ്പിച്ചു നാട്ടിൽ വരണം എന്നുമാണ് നഴ്‌സുമാരുടെ ആവശ്യം. കേരളത്തിലെ എം പി മാർവഴി കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ട് വരാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രിക്കടക്കം പരാതി നൽകുമെന്നും സിബി മുകേഷ് അറിയിച്ചു. കുവൈറ്റിൽ ആണ് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ശമ്പളം നഴ്സുമാർക്ക് ലഭിക്കുന്നത് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ തുച്ഛമായ ശമ്പളത്തിൽ മലയാളി നഴ്‌സുമാർ അവിടെ ദുരിത ജീവിതം നയിക്കുകയാണെന്ന് അരിഞ്ഞത് ഞെട്ടലുണ്ടാക്കി എന്നാണ് സിബി പറയുന്നത്.