ജോസ്‌കോയുടെ സ്വര്‍ണ്ണം ബഹിഷ്‌കരിച്ച് നഴ്‌സുമാര്‍

#

(07-08-17) : ആശുപത്രി മുതലാളിയുടെ വാക്കുകള്‍ കേട്ട് നഴ്‌സുമാരെ മാനസികമായി ദ്രോഹിക്കാന്‍ ശ്രമിച്ച ജോസ്‌കോ ജൂവലറിയ്‌ക്കെതിരെ കേരളത്തിലെ നഴ്‌സുമാര്‍. ഭാരത് ആശുപത്രിയില്‍ സമരം നടത്തുന്ന ഒരു നഴ്‌സിന്റെ ഭര്‍ത്താവായ ജോസ്‌കോ ജൂവലറി ജീവനക്കാരനെ ആശുപത്രി മുതലാളിയുടെ വാക്കുകള്‍ കേട്ട് ജൂവലറി ഉടമകള്‍ കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

സമ്പത്തിന്റെ മുകളിലിരിക്കുന്ന രണ്ട് മുതലാളിമാര്‍ ഒത്തു ചേര്‍ന്ന് അതിജീവനത്തിനായി സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനെ ശക്തമായി തന്നെ ചെറുക്കാനാണ് ഇവരുടെ തീരുമാനം.. ഇതിന്റെ ഭാഗമായി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറി ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു.

നഴ്‌സുമാര്‍ ഇനിമുതല്‍ ജോസ്‌കോയില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങില്ല എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അധികാരത്തിലിരിന്നു കൊണ്ടുള്ള മുതലാളിത്ത വര്‍ഗ്ഗത്തിന്റെ കാടത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം എന്ന കടുത്ത നിലപാടിലേക്ക് നഴ്‌സുമാര്‍ തിരിഞ്ഞിരിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ക്കായി നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരോടുള്ള ഒരു വെല്ലുവിളി കൂടിയാണ് ഈ ബഹിഷ്‌കരണം. ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ ഇവര്‍ നല്‍കുന്നത്.

ലോകമൊട്ടാകെയുള്ള ലക്ഷക്കണക്കിന് അംഗങ്ങളുള്ള യു.എന്‍.എ പോലുള്ള ഒരു സംഘടന ഇത്തരമൊരു ബഹിഷ്‌കരണത്തിനൊരുങ്ങുന്നത് ജോസ്‌കോയ്ക്ക് വന്‍ തിരിച്ചടി തന്നെയാണ്. നിലനില്‍പ്പിനും അതിജീവനത്തിനും ന്യായാമയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി ഒരുകൂട്ടം നഴ്‌സുമാര്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണ നല്‍കാതെ മുതലാളിത്തത്തിന്റെ മുഖമായി മാറി അവരെ ദ്രോഹിക്കാന്‍ കൂട്ടു നിന്ന് ജൂവലറിയുടെ നടപടി വന്‍ സാമ്പത്തിക നഷ്ടത്തിലേക്കാകും ജൂവലറിയെ നയിക്കുക. ബിസിനസ് രംഗത്തെ വിദഗ്ദര്‍ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്. പോരാട്ടങ്ങള്‍ വിജയിപ്പിച്ച ചരിത്രമാണ് യു.എന്‍.എയ്ക്ക്. അതുകൊണ്ട് തന്നെ അവരുടെ വെല്ലുവിളി നിസ്സാരമല്ലെന്ന് ജോസ്‌കോ അറിയാനിരിക്കുന്നതെയുള്ളു.

സിബി മുകേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറി ഇന്ന് മുതല്‍ ബഹിഷ്‌ക്കരിക്കുന്നു.കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സിംഗ് സമരം പൊളിക്കാന്‍ ആശുപത്രി മുതലാളിയുടെ വാക്കു കേട്ട് അവിടുത്തെ നഴ്സിന്റെ ഭര്‍ത്താവിനെ കോട്ടയം ജോസ്‌കോ ജൂവലറിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയ ജോസ്‌കോ ജൂവലറി അധികാരികളുടെ നടപടി മുതലാളി വര്‍ഗ്ഗത്തിന്റെ കാടത്തം ആണ്.ഇതില്‍ പ്രതിഷേധിച്ചു ഇനി മുതല്‍ മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങില്ല....ഞങ്ങളുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാവരോടും ഇങ്ങനെ തന്നെ ആയിരിക്കും ഞങ്ങളുടെ പ്രതികരണം.....ഇത് ജീവിക്കാന്‍ വേണ്ടി ഉള്ള സമരം ആണ് ആരെയും തോല്‍പിക്കാന്‍ അല്ല പക്ഷെ ഞങ്ങളെ തോല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും.