പ്രതിപക്ഷ ഐക്യം : പാറ്റ്ന റാലി പുതുജീവൻ നൽകുമോ?

#

(08-08-17) : ലോക്‌സഭാ തെരഞ്ഞെടുപ്പിന് വളരെ മുന്നേ തന്നെ ദേശീയ തലത്തില്‍ വിശാലമായ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും നിതീഷ്‌കുമാറിന്റെ കൂറുമാറ്റത്തോടെ അതെല്ലാം താറുമാറായി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒന്നിച്ചതും തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതും പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരുന്നു. ചിന്നിച്ചിതറിക്കിടന്നിരുന്ന പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് ബീഹാര്‍ തെരഞ്ഞെടുപ്പ് പുതിയ ഊര്‍ജ്ജം നല്‍കുകയും  വിശാലമായ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങള്‍ പല തലങ്ങളിലും സജീവമാകുകയുമുണ്ടായി. എന്നാൽ നിതീഷിന്റെ പിന്മാറ്റത്തോടെ പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ റിവേഴ്‌സ് ഗിയറിലായി. 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക സാധ്യമാണ് എന്ന പ്രതീക്ഷ നൽകിയ ബീഹാർ തെരഞ്ഞെടുപ്പ് ഫലം  ചിന്നിച്ചിതറി കിടന്ന പാര്‍ട്ടികള്‍ക്ക് ഒന്നിച്ചു വരാന്‍ പ്രചോദനമായെങ്കിലും പുതിയ സംഭവവികാസങ്ങള്‍ ഇരട്ടിവേഗത്തില്‍ തിരിച്ചു പോക്കിനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

ഈ വര്‍ഷവും അടുത്തവര്‍ഷവും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞാല്‍ ബി.ജെ.പി ചേരിയില്‍ ചേക്കേറാന്‍ ധാരാളം പാര്‍ട്ടികളുണ്ടാകും. ബീഹാര്‍ മാതൃകയില്‍ മഹാസഖ്യം ദേശീയ തലത്തില്‍ രൂപീകരിക്കുകയും ദേശീയാംഗീകാരമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ പ്രചരണം നടത്തുകയും ചെയ്താല്‍ സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്തി ബി.ജെ.പിയെ തളയ്ക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ കേന്ദ്രങ്ങള്‍ കണക്കു കൂട്ടിയിരുന്നു. നിതീഷ് കൂറു മാറിയതിനു പിന്നാലെ ഗുജറാത്തില്‍ വഗേല കോണ്‍ഗ്രസ് വിടുക കൂടി ചെയ്തതോടെ ആ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള എം.എല്‍.എമാരുടെ കൂറുമാറ്റം ഗുജറാത്തിനെ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അവസാനത്തെ പ്രതീക്ഷയും തകര്‍ത്തു എന്ന് പറയാം.

രാജ്യത്തെ പ്രതിപക്ഷപ്പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏതാണ്ട് നിലച്ച മട്ടിലാണ് ഇപ്പോള്‍. ആഗസ്റ്റ് 28 ന് പാറ്റനയില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി പ്രഖ്യാപിച്ചിരിക്കുന്ന റാലി എന്തു ചലനം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയാണ് റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ള പ്രമുഖ നേതാവ്. അഖിലേഷ് യാദവ്, നവീന്‍ പട്‌നായിക്, ഒമര്‍ അബ്ദുള്ള, ഡി.എം.കെയുടെയും ഇടതുപാര്‍ട്ടികളുടെയും നേതാക്കള്‍ എന്നിവരും റാലിയില്‍ പങ്കെടുത്തേക്കാം. ഇവരില്‍ മിക്കവര്‍ക്കും വടക്കേയിന്ത്യന്‍ രാഷ്ട്രീയത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയില്ല.

ബി.എസ്.പി നേതാവ് മായാവതി ആഗസ്റ്റ് 28 ലെ റാലിയില്‍ പങ്കെടുക്കുമോ എന്നതാണ് ഏറ്റവും മുഖ്യമായ ചോദ്യം. ലാലുവിന്റെ കുടുംബം നേരിടുന്നതു പോലെ തന്നെ സി.ബി.ഐ കേസുകള്‍ മായാവതിയും നേരിടുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് 2 വര്‍ഷത്തോളം ബാക്കിയുള്ളപ്പോള്‍ ബി.ജെ.പിയെ ശത്രുപക്ഷത്താക്കി സി.ബി.ഐ കേസില്‍ പ്രതിയായി ജയിലില്‍ പോകാനുള്ള സാഹചര്യം ഉണ്ടാക്കണോ എന്ന കാര്യത്തില്‍ മായാവതി വീണ്ടുവിചാരം നടത്തിക്കൂടെന്നില്ല. പാറ്റ്‌ന റാലിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് മായാവതി ഇപ്പോഴും മൗനം പാലിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്. എന്തായാലും നിതീഷിന്റെ പിന്മാറ്റത്തോടെ ദുര്‍ബ്ബലമായ പ്രതിപക്ഷനിരകള്‍, വീണ്ടും ഒരു പോരാട്ടത്തിനു വേണ്ടി ഒന്നിക്കുമോ എന്നറിയാനുള്ള ഏറ്റവും നല്ല സന്ദര്‍ഭമാണ് ആഗസ്റ്റ് 28 ലെ പാറ്റ്‌ന റാലി.