എ.ഐ.എസ്.എഫ്- എ.ഐ.വൈ.എഫ് ലോംഗ് മാർച്ചിനെതിരെ ആർ.എസ്.എസ്‌ അക്രമം

#

ഇൻഡോർ (09.08.2017) : എ.ഐ.വൈ.എഫ്- എ.ഐ.എസ്.എഫ് സംഘടനകൾ നടത്തുന്ന സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ ലോംഗ് മാർച്ചിന് നേരെ മധ്യപ്രദേശിലെ ഇൻഡോറിൽ ആർ.എസ്.എസ് ആക്രമണം. ലോംഗ് മാർച്ചിന്റെ ഭാഗമായ പൊതുസമ്മേളനം നടന്ന ഇൻഡോറിലെ ആനന്ദ് മാഥൂർ ഹാളിനു മുന്നിൽ അക്രമം അഴിച്ചുവിട്ട ആർ.എസ്.എസ്സുകാരും മാർച്ചിനെ സ്വീകരിക്കാനെത്തിയ സി.പി.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടൽ പോലീസ് ഇടപെടൽ മൂലം ഒഴിവായി. ആർ.എസ്.എസ് പ്രവർത്തകർക്ക് നേരേ പോലീസ് 3 റൗണ്ട് ലാത്തിച്ചാർജ് ചെയ്തു. ലോംഗ് മാർച്ചിൽ പങ്കെടുത്ത വാഹനങ്ങൾ ആർ.എസ്.എസ് പ്രവർത്തകർ അടിച്ചു തകർത്തു. ഹാളിൽ ഇപ്പോൾ പൊതുസമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാർ, സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ജൂലൈ 15 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച മാർച്ച് സെപ്റ്റംബർ 12 ന് പഞ്ചാബിലെ ഹുസൈൻവാലയിൽ സമാപിക്കും.