പോലീസ് മേധാവി പച്ചക്കള്ളം പറയുമ്പോള്‍ സാധാരണക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ പോകുന്നതെങ്ങനെ ?

#

(11.08.2017) : 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടാകാതിരുന്നത് എന്തുകൊണ്ടാകും? ഓരോ ആളിനെയും രാഷ്ട്രീയബോധവും ധാരണയും അനുസരിച്ച് വ്യത്യസ്തമായിരിക്കും ഓരോ ഉത്തരവും. പക്ഷേ, അത്യന്തം വിചിത്രമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നല്‍കുന്ന ഉത്തരം. സംസ്ഥാനത്തെ എല്ലാ കേബിള്‍ ടി.വി ഓപറേറ്റര്‍മാരെയും വിളിച്ചുകൂട്ടി പോലീസ് ഒരു ആവശ്യമുന്നയിച്ചു. എല്ലാവരും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമ കാണിക്കുക. സിനിമ കണ്ട് രസിച്ചിരിക്കുന്ന മനുഷ്യര്‍ എവിടെ കലാപത്തിന് പോകാന്‍ ? ഏത് വലിയ പ്രശ്‌നവും ലഘുവായി പരിഹരിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമായാണ് ബെഹ്‌റ ഈ കഥ ഓര്‍മ്മിപ്പിച്ചത്. ഒരു കാര്യം നമ്മുടെ ഡി.ജി.പി ഓര്‍ത്തില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കേരളത്തില്‍ കേബിള്‍ ടി.വി എത്തിയിട്ടില്ല.

ഒരു സാധാരണ മനുഷ്യന്‍ അല്പം പുളുവും പൊങ്ങച്ചവും പറയുന്നതില്‍ ആര്‍ക്കും തെറ്റ് കാണാനാവില്ല. പക്ഷേ, ഒരു സംസ്ഥാനത്തെ പോലീസ് മേധാവി, ഒരു പ്രകോപനവുമില്ലാതെ പരസ്യമായി പച്ചക്കള്ളം പറയുന്നതിനെ അങ്ങനെ കാണാന്‍ കഴിയുമോ? ഇങ്ങനെ ഒരു കാര്യവുമില്ലാതെ കള്ളം പറയുന്നയാള്‍ , ഗൗരവമുള്ള കാര്യങ്ങളില്‍ എത്ര വലിയ കള്ളമാകും പറയുക? പരസ്യമായി പച്ചക്കള്ളം പറയുന്നയാള്‍ പോലീസ് മേധാവിയായിരിക്കുമ്പോള്‍ സാധാരണക്കാര്‍ എന്തു ധൈര്യത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് കയറിച്ചെല്ലും ? ലോക്‌നാഥ് ബെഹ്‌റയോട് വിശദീകരണം ചോദിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകുമോ? ഇക്കാര്യത്തില്‍ അദ്ദേഹത്തിന് എന്ത് വിശദീകരണമാണ് നല്‍കാനുള്ളതെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്പര്യമുണ്ടാകുമല്ലോ.