ദുരന്തം രാജ്യത്ത് ആദ്യമല്ല :ഗോരഖ്പൂർ ദുരന്തത്തെ നിസ്സാരവല്കരിച്ച് അമിത്ഷാ

#

ബംഗളുരു (14-08-17) : ഗോരഖ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 74 കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തെ നിസ്സാരവത്ക്കരിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ പോലെയുള്ള വലിയ ഒരു രാജ്യത്ത് ധാരാളം ദുരന്തങ്ങള്‍ നടക്കുന്നുണ്ട്. ഗോരഖ്പുരിലെത് ആദ്യ സംഭവമൊന്നുമല്ലെന്നായിരുന്നു ഷായുടെ പ്രതികരണം.

ഗോരഖ്പുര്‍ ദുരന്തത്തില്‍ ഏതോ തലത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ട്. എന്നു കരുതി അവരെ സഹായിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ ആര്‍ക്കും തള്ളിക്കളയാനാവില്ലെന്നും ഷാ വ്യക്തമാക്കി. സംഭവത്തില്‍ യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ദേശീയ അധ്യക്ഷന്‍ തെറ്റ് ചെയ്തുവെന്ന് തെളിയാതെ ആര്‍ക്കെതിരെയും നടപടിയെടുക്കുന്ന ശീലം ബി.ജെ.പിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയായ ശേഷം നടപടികള്‍ വേണമെങ്കില്‍ അത് പരസ്യമായി തന്നെ അറിയിക്കുമെന്നുമാണ് കര്‍ണ്ണാടകയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം അറിയിച്ചത്. ഗോരഖ്പുര്‍ ആശുപത്രിയില്‍ ഇത്രയും വലിയൊരു ദുരന്തം നടന്ന് ആറു ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ആദ്യ പ്രതികരണമെത്തുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്.

74 കുഞ്ഞുങ്ങള്‍ മരണപ്പെട്ടു ഇനിയും കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു ആ സാഹചര്യത്തിലും ജന്‍മാഷ്ടമി ആഘോഷിക്കണമെന്നറിയിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഉത്തരവിനെ പിന്താങ്ങിയ ഷാ, ഇത് സര്‍ക്കാര്‍ ഉത്തരവല്ലെന്നും ജനങ്ങള്‍ അവരുടെ സ്വകാര്യ വിശ്വാസങ്ങള്‍ അനുസരിച്ച് ആചരിക്കുന്നതാണെന്നുമാണ് അറിയിച്ചത്.