നിയമത്തെ വെല്ലുവിളിച്ച് പാലക്കാട് സ്‌കൂളില്‍ ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തി

#

പാലക്കാട് (15-08-17) : ജില്ലാകളക്ടറുടെ വിലക്ക് മറികടന്ന് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തി. മൂത്താംതറ കര്‍ണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പാലക്കാട് ജില്ല കളക്ടര്‍ പി.മേരിക്കുട്ടിയുടെ ഉത്തരവ് മറികടന്ന് എയ്ഡഡ് സ്‌കൂളില്‍ ആർ.എസ്.എസ്  മേധാവി പതാക ഉയര്‍ത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പരിപാടി തടസ്സപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചില്ല.

സ്‌കൂള്‍ അധികൃതര്‍ക്കും പാലക്കാട് എസ്.പിക്കും ഇത് സംബന്ധിച്ച് ജില്ല കളക്ടര്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഉത്തരവ് പാലിക്കില്ലെന്ന് വ്യക്തമാക്കി ആര്‍എസ്എസും രംഗത്ത് വന്നിരുന്നു. എന്ത് വിലകൊടുത്തും മോഹന്‍ഭാഗവതിനെ കൊണ്ട് തന്നെ പതാക ഉയര്‍ത്തിക്കുമെന്നും ആർ.എസ്. എസ് ജില്ലാനേതൃത്വം വൃക്തമാക്കി. തുടര്‍ന്ന് രാവിലെ 9ന് സ്‌കൂള്‍ അങ്കണത്തിലേക്ക്  മോഹന്‍ ഭാഗവത് പ്രവേശിക്കുകയും പതാക ഉയര്‍ത്തുകയുമായിരുന്നു .കുട്ടികളെയും അധ്യാപകരേയും അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുകയും ചെയ്തു.

ജനപ്രതിനിധികളോ, അദ്ധ്യാപകരോ അല്ലാത്തവര്‍ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജില്ലാ കളക്ടര്‍ മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്നും വിലക്കിയത്. പതാക ഉയര്‍ത്തുന്നതിനു വിലക്കുണ്ടായതിനാല്‍ ജില്ലാ പോലീസ് മേധാവി അടക്കം ആരും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയില്ല. ആര്‍.എസ്.എസ് നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും  പതാക ഉയര്‍ത്തിയ സാഹചര്യത്തില്‍  ചടങ്ങ് സംഘടിപ്പിച്ചവര്‍ക്കും മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ക്കുമെതിരെ കേസെടുക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സ്‌കൂളില്‍ നടന്ന പതാകഉയര്‍ത്തല്‍ ചടങ്ങിന്‍െ്‌റ വീഡിയോ പോലീസ് റെക്കോര്ഡ് ചെയ്തിട്ടുണ്ട്. ദേശീയ പതാക ചട്ടമനുസരിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍ക്കും പതാക ഉയര്‍ത്താമെന്നാണ് ആര്‍എസ്എസ് നല്‍കിയ വിശദീകരണം. ആര്‍.എസ് എസ് നേതൃത്വവുമായി അടുത്ത ബന്ധമാണ് സ്‌കൂള്‍ അധികൃതരായ കര്‍ണ്ണകിയമ്മന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിനുള്ളത്. അതേസമയം മമാഹന്‍ ഭാഗവത് സ്‌കൂളില്‍ പതാക ഉയര്‍ത്തിയതില്‍ തെറ്റില്ലെന്നും  പതാക ആര് ഉയര്‍ത്തണമെന്ന്  സൊസൈറ്റിയാണ് തീരുമാനിക്കുന്നതെന്നും സ്‌കൂള്‍ മാനേജ്‌മെന്‍്‌റ അറിയിച്ചു.