ആര്‍.എസ്.എസ് നേതാവിന്റെ പതാക ഉയര്‍ത്തല്‍ ; നടപടി വേണമെന്ന് കളക്ടര്‍

#

പാലക്കാട് (15-08-17) : പാലക്കാട് മുത്താംതറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി വേണമെന്ന് ജില്ലാ കളക്ടര്‍. സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകന് എതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാകളക്ടര്‍ പി.മേരിക്കുട്ടി വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കി. പ്രശ്നത്തക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിയോട് കളക്ടർ ആവശ്യപ്പെട്ടു. എയ്ഡഡ് സ്‌കൂളുകളില്‍ ജനപ്രതിനിധികളോ, സര്‍ക്കാര്‍ പ്രതിനിധികളോ, അദ്ധ്യാപകരോ സ്‌കൂള്‍ അധികൃതരോ അല്ലാത്തവര്‍ പതാക ഉയര്‍ത്താന്‍ പാടില്ല എന്ന ചട്ടത്തിന്റെ ലംഘനമാണ് കര്‍ണകിയമ്മന്‍ സ്‌കൂളിലുണ്ടായത്. ചട്ടലംഘനം ഉണ്ടാകാതെ നോക്കണമെന്ന് ജില്ലാകളക്ടര്‍ നല്‍കിയ ഉത്തരവ് ലംഘിച്ചാണ് ഒരു ഔദ്യോഗികസ്ഥാനവും വഹിക്കാത്ത ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തിയത്. ഇതിന് അനുമതി നല്‍കിയ പ്രഥമദ്ധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് കളക്ടര്‍ നല്‍കുന്ന കത്ത് അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ബാധ്യത വിദ്യാഭ്യാസ വകുപ്പിനുണ്ട്. ദേശീയപതാക ഉയർത്തുമ്പോൾ ദേശീയഗാനം ആലപിക്കണമെന്ന ചട്ടം ലംഘിച്ചെന്ന ഗുരുതരമായ ആരോപണവും സ്‌കൂളിന് എതിരെയുണ്ട്. ദേശീയഗാനത്തിനു പകരം വന്ദേമാതരമാണ് സ്‌കൂളിൽ ആലപിച്ചത്.