കക്കാടംപാര്‍ക്ക് : അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി

#

കോഴിക്കോട് (17-08-17) : കക്കാടംപൊയിലില്‍ പിവി അന്‍വര്‍ എംഎല്‍എ നിയമം ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദ് ചെയ്തു. നിയമവ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും അനുമതിക്ക് വേണ്ട പ്രാധാന്യം നൽകിയിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

പരിസ്ഥിതിലോല പ്രദേശത്ത് 12 ഏക്കറുള്ള രണ്ട് മലകള്‍ ഇല്ലാതാക്കിക്കൊണ്ടാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ അന്‍വര്‍ എംഎല്‍എയ്ക്ക് എതിരായി ഉയർന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി റദ്ദ് ചെയ്തത്.

നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലമോ മറ്റ് വിവരങ്ങളോ എം എൽ എ അനുമതിക്കു നൽകിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ  രണ്ട് ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളം സംഭരിക്കുന്ന, ഒന്നിലേറെ സുരക്ഷാ ഏജന്‍സികളുടെ അനുമതി ആവശ്യമുള്ള വാട്ടര്‍തീം പാര്‍ക്കിനായിരുന്നു 2016ല്‍ പദ്ധതി തയ്യാറാക്കിയത്. പിന്നീട് ചില മേഖലകളിൽ നിന്ന് പരാതി ഉയര്‍ന്നപ്പോൾ‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യാതൊരു സംവിധാനങ്ങളും പാര്‍ക്കിലില്ലെന്ന് എം.എല്‍.എ പഞ്ചായത്തിനെ ധരിപ്പിച്ചു. എംഎല്‍എയുടെ ഒപ്പോടുകൂടിയ കത്ത് വേണ്ടത്ര പരിശോധനക്ക് പഞ്ചായത്ത് അധികൃതര് വിധേയമാക്കിയില്ല.

ഇതോടെ വാട്ടര്‍തീം പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കിയത് പല തവണ നിയമം ലംഘിച്ചതിലൂടെയാണെന്ന് വ്യക്തമാവുകയാണ്. എംഎല്‍എ നടത്തിയ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ പ‍ഞ്ചായത്ത് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ല. നിയമലംഘിച്ചും  നിസാര തുക പിഴയടച്ചും  എംഎല്‍എ അനുമതി നേടിയെടുക്കുകയായിരുന്നു.