ദൃശ്യമാധ്യമങ്ങളിലെ അദൃശ്യമായ ജാതി

#

(17-08-17) : ന്യൂസ് 18 കേരളം എന്ന ടിവി ചാനലിന്റെ ന്യൂസ് ഡെസ്‌കില്‍  ജോലി ചെയ്യുന്ന യുവതിയെ അവരുടെ കീഴ്ജാതിയുടെ പേരില്‍ നിന്ദിക്കുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത് ടെലിവിഷന്‍ മാധ്യമങ്ങള്‍ക്ക് പുറത്തെങ്കിലും വിവാദങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. പതിവ് പോലെ സമൂഹ മാധ്യമങ്ങള്‍ മാത്രമേ ഈ വാര്‍ത്ത ഗൗരവത്തില്‍ എടുത്തുള്ളൂ. മാധ്യമരംഗത്തെ സ്ത്രീ കൂട്ടായ്മ പോലും ഇതിനു പ്രാധാന്യം നല്‍കിയതായി കാണുന്നില്ല.

ഇവിടെ ആരോപിതരായി പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മാനേജ്‌മെന്റ് അല്ല, യുവതിയുടെ സഹപ്രവര്‍ത്തകരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് എന്നോര്‍ക്കണം. എനിക്ക് നല്ല പരിചയമുള്ളവരാണ് ഇവരെല്ലാം, അവരുടെ ജാതിയെന്തെന്ന് അറിയില്ലെങ്കിലും. ഇവരെന്നല്ല, ടിവി വാര്‍ത്താരംഗത്തെ ആരും തന്നെ സഹപ്രവര്‍ത്തകയെയോ മറ്റാരെയെങ്കിലുമോ ജാതിയുടെ പേരില്‍ അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നവരല്ല. ചില മത-വര്‍ഗീയ ചാനലുകളില്‍ ഒഴികെ മറ്റെങ്ങും ന്യൂസ് റൂമുകള്‍ സദാ കോലാഹലം നിറഞ്ഞ സെക്കുലര്‍ ഇടങ്ങളാണ്. മാത്രവുമല്ല ജാതിയുടെ പേരിലുള്ള പരസ്യമായ നിന്ദയോ അപകീര്‍ത്തിയോ കേരളീയ സമൂഹത്തില്‍ ഇന്ന് അത്ര സാധാരണവുമല്ല എന്ന് സമ്മതിച്ചേ തീരൂ. ഇവിടെ അപമാനിതര്‍ക്കു നിയമത്തിന്റെ സുരക്ഷയും ഉണ്ട് എന്നോര്‍ക്കുക.

ഇത്രയും കാര്യങ്ങള്‍ ഭദ്രമാണ്. പക്ഷെ, ജാതി അദൃശ്യമായി അതിന്റെ പ്രവര്‍ത്തനം നിര്‍വഹിക്കുന്നു. കീഴ്ജാതിയെന്ന വിലാസം നല്‍കി ദളിതരോടും പറയരോടും പുലയരോടും ആദിവാസികളോടുമെല്ലാം അറപ്പും നിന്ദയും മനസ്സില്‍ കൊണ്ട് നടക്കുന്നവരാണ് മലയാളികള്‍ ഏറെയും. അത്തരക്കാര്‍ സമൂഹത്തിലെന്ന പോലെ മാധ്യമരംഗത്തും ഉണ്ടാവുമെന്ന കാര്യം ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക? "സംസ്‌കാരസമ്പന്ന"രായ മലയാളികള്‍ അവരുടെ ജാതി ചോദിക്കാറില്ലെങ്കിലും, സഹപ്രവര്‍ത്തകരുടെയും പരിചയപ്പെടുന്ന മറ്റുള്ളവരുടെയും ജാതി എന്തെന്ന് അറിഞ്ഞുവയ്ക്കാന്‍ ഉത്സുകരായിരിക്കും. അതുകൊണ്ട് അന്യരുടെ ജാതിപിടിക്കാനുള്ള  ഒരുതരം "ജാതിയറിയും യന്ത്രം" എല്ലാ ജാതിമലയാളിയുടെയും ഉള്ളില്‍ പ്രവര്‍ത്തന നിരതമായിരിക്കുന്നു. ആ യന്ത്രം "ന്യൂസ് 18 കേരള"ത്തിലെ മാധ്യമഹൃദയങ്ങളിലും കുടിയിരിക്കുന്നുണ്ടാവും.  അവര്‍ക്ക്  ദളിത്  ജാതിയോടുള്ള അവജ്ഞ ഉള്ളില്‍ തികട്ടി വരികയും ചെയ്യാം. പക്ഷെ അതിനു മാത്രം ദളിത് പങ്കാളിത്തം എവിടെ മലയാളം ചാനലുകളില്‍? ഉണ്ടെങ്കില്‍ തന്നെ യാതൊരു ദൃശ്യ സാന്നിധ്യവും അനുവദിക്കപ്പെടാതെ "ന്യൂസ് 18 കേരള"ത്തില്‍ എന്നതുപോലെ  ന്യൂസ് ഡെസ്‌കിലോ, ന്യൂസ് റൂമിലോ അവര്‍ കഴിയുന്നുണ്ടാവണം. കാരണം ടെലവിഷന്‍ മാധ്യമത്തിന്റെ അദൃശ്യ സംസ്‌കാരം സവര്‍ണ്ണമാണ്. അവിടെ പെണ്‍കറുപ്പിന് അഴകില്ല. അത് സ്‌ക്രീനിന്റെ "ലുക്ക്ആന്റ്  ഫീലി"ന് പുറത്താണ്. പെണ്ണുടലിന്റെ കാര്യത്തില്‍ അത് വെണ്മണി പാരമ്പര്യത്തിലാണ്, ഈ അത്യാധുനിക കാലത്തും.

മറ്റൊരു പ്രധാന വസ്തുത ടിവി വാര്‍ത്താമാധ്യമ നിയമനത്തില്‍ ജാതി ഒരു പ്രത്യക്ഷ ഘടകമല്ല എന്നതാണ്. എന്റെ അനുഭവത്തില്‍ ഞാന്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത സ്ഥാപനത്തില്‍ ജോലി നിയമനത്തില്‍ ജാതി ചോദിക്കുന്നില്ല. മാധ്യമ പ്രവര്‍ത്തകരെ നിയമിക്കുന്ന പ്രക്രിയയില്‍ ചെറിയ പങ്കാളിത്തം കുറേക്കാലം നിര്‍വഹിച്ചിട്ടുള്ള എനിക്ക് ഇക്കാര്യം നിസ്സംശയം സാക്ഷ്യപ്പെടുത്താന്‍ കഴിയും. ജോലിക്കുള്ള അപേക്ഷാ ഫോറത്തിലോ അഭിമുഖത്തിലോ ജാതി ഒരു ഘടകമല്ല.

വാസ്തവത്തില്‍ മാധ്യമ പഠന രംഗത്തേക്ക് ദലിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും വേണ്ടത്ര പഠിതാക്കള്‍ എത്തിച്ചേരുന്നില്ല എന്നതാണ് പ്രധാന കാര്യം. മാധ്യമ പഠനം സര്‍വ്വവ്യാപിയായിട്ടുപോലും. ഇന്ന് അംഗീകൃത കോളേജുകളിലും സര്‍വ്വകലാശാലകളിലും മാത്രമല്ല മാധ്യമ പഠനം നടക്കുന്നത്. അനേകം സ്വകാര്യ സ്ഥാപനങ്ങളും പ്രസ്‌ക്ലബുകളും മാധ്യമ പഠന കോഴ്‌സുകള്‍ നടത്തുന്നു. ഉത്തരവാദിത്തമുള്ള പ്രൊഫഷണല്‍ മാധ്യമ വിദ്യാഭ്യാസം അന്യമായ ഈ കേന്ദ്രങ്ങള്‍ പുറത്തിറക്കി വിടുന്ന തൊഴിലന്വേഷകര്‍ മാത്രമായ ഈ അപക്വ തലമുറയാണ് മാധ്യമപ്രവര്‍ത്തനത്തിനു നേരിട്ട അവമതിക്ക് ഒരു തരത്തില്‍ കാരണക്കാര്‍ എന്നത് വേറെ കാര്യം. പക്ഷെ ഇക്കൂട്ടത്തില്‍ നമ്മുടെ ദളിത് സമൂഹങ്ങളില്‍ നിന്നുള്ള യുവാക്കള്‍ എവിടെയുമില്ല. നാം അന്വേഷിക്കേണ്ടത് ഈ അസാന്നിധ്യം തന്നെയാണ്. മലയാളത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന മൂന്നു വാര്‍ത്താ ചാനലുകളിലും ദളിത് വിഭാഗത്തില്‍ പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ഇല്ല. കുറ്റം ചാനലുകള്‍ക്കല്ല.

ജാതിപ്പേര് വിളിച്ച് അപമാനിക്കുന്ന സംസ്‌കാരം മാധ്യമരംഗത്ത് ഇല്ലെങ്കിലും ജാതീയമായ ജീര്‍ണബോധം കൊണ്ടുനടക്കുന്നവര്‍ ഉണ്ടാവും. അതിനാല്‍ ദളിത് വിഭാഗങ്ങളുടെ മുന്തിയ പ്രാതിനിധ്യം മാധ്യമരംഗത്ത്  കൂടുതലായി ഉണ്ടാവുക തന്നെ വേണം. ഇതിനു മാധ്യമ രംഗത്ത്‌നിലവിലുള്ള  ദളിത്-പിന്നോക്കജാതി പ്രാതിനിധ്യത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണമാണ് ആദ്യം വേണ്ടത്.

ഒടുവില്‍ ഇത്രയും കൂടി.  "ന്യൂസ് 18" കേരളത്തിലെ ആത്മഹത്യക്ക് ശ്രമിച്ച യുവ മാധ്യമ പ്രവര്‍ത്തക പരിചയ സമ്പന്നയും  തന്റെ ജോലിയില്‍ മികവും പ്രതിബദ്ധതയും തെളിയിച്ചവളും ആണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ജോലി നന്നായി അറിയുന്ന ആ കുട്ടിയോട് "നീ എന്ത് കോപ്പാണ് അവിടെ ചെയ്യുന്നത്" എന്ന് ചോദിക്കാനുള്ള എന്ത് കോപ്പാണ് ആ മാധ്യമ മേലാളന്മാര്‍ക്ക് ഉള്ളതെന്ന് എനിക്ക് മനസ്സിലായിട്ടില്ല.