വിമാനയാത്ര ലഗേജ് ചാർജ് കുറച്ച ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

#

ന്യൂഡല്‍ഹി (17-08-17) : ആഭ്യന്തരവിമാനയാത്രയില്‍ ലഗേജിന്റെ ഭാരം 15 കിലോയില്‍ കൂടുതലായാല്‍ യാത്രക്കാരുടെ പോക്കറ്റ് കാലിയാകും. 15 കിലോ മുതല്‍ 20 വരെ അധികം ഭാരം വരുന്ന ലഗേജുകള്‍ക്ക് 100 രൂപ ഇടാക്കിയാൽ മതിയെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഇതോടെ വിമാന കമ്പനികള്‍ മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന പഴയ ചാര്‍ജ് പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. 15 മുതല്‍ 20 കിലോ വരെ അധികം വരുന്ന ലഗേജിന് 350 രൂപ ഈടാക്കുന്നതിനെതിരെ യാത്രക്കാര്‍ വ്യാപക പരാതി ഉന്നയിച്ചിരുന്നു.  ഇതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നൂറു രൂപയ്ക്ക് മുകളില്‍ പിഴ ഈടാക്കരുതെന്ന ഉത്തരവ് ഇറക്കിയത്. ലഗേജുകള്‍ക്ക് പിഴ ഈടാക്കുന്നതിന്  ഡിജിസിഎക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കുകയായിരുന്നു.