ഉപരോധം അയയുന്നു ? : ഖത്തറിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി അതിര്‍ത്തി തുറന്ന് സൗദി

#

ജിദ്ദ (17-08-17) : ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി അതിര്‍ത്തി തുറന്നു കൊടുത്ത് സൗദി അറേബ്യ.സൗദി രാജാവായ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പുതിയ നടപടി. ഖത്തര്‍-സൗദി അതിര്‍ത്തിയിലെ സല്‍വ ബോര്‍ഡര്‍ പോയിന്റെ് ആകും തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കുക. യാതൊരുവിധ ഇലക്‌ട്രോണിക് സംവിധാന നിയന്ത്രണങ്ങളുമില്ലാതെ ഹജ്ജിനെത്തുന്നവരെ അതിര്‍ത്തി കടത്തിവിടണമെന്നാണ് രാജാവിന്റെ നിര്‍ദ്ദേശമെന്നും സൗദി ഔദ്യോഗി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് തന്റെ സ്വന്തം ചിലവിലാണ് രാജാവ് തീര്‍ത്ഥാടന സൗകര്യങ്ങളൊരുക്കുന്നത്. ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് തീര്‍ത്ഥാടകരെ മക്കയിലെത്തിക്കാന്‍ സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക ജെറ്റ് വിമാനങ്ങളാണ് സൗദി രാജാവിന്റെ ചിലവില്‍ ഖത്തറിലെത്തുന്നത്. ഖത്തറിലെ നയതന്ത്ര പ്രതിനിധിയുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സൗദിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു അപ്രതീക്ഷിത നീക്കമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൗദി അടക്കം ആറോളം ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. നേരത്തെ ഉപരോധം തീര്‍ത്ഥാടകരെ ബാധിക്കില്ലെന്ന് സൗദി അറിയിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് എല്ലാവിധ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് അതിര്‍ത്തി തുറന്നുകൊടുക്കുന്നത്. സൗദി രാജാവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇതിനെ ശുഭസൂചകമായി തന്നെഎടുക്കുന്നുവെന്നുമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി സൗദിയുടെ പുതിയ നീക്കത്തോട് പ്രതികരിച്ചത്.