നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്തയുമായി സര്‍ക്കാര്‍ : ചരിത്രനിയമനത്തിനൊരുങ്ങി പി.എസ്.സി

#

(17-08-17) : കേരളത്തില്‍ നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സര്‍ക്കാര്‍. മൂവായിരത്തോളം നഴ്‌സുമാരുടെ ഒഴിവുകളാണ് പി.എസ്.സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം അടുത്ത ദിവസം തന്നെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

കേരള പി.എസ്.സി ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും ഒഴിവുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ബഡ്ജറ്റില്‍ ആരോഗ്യ- ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലായി അയ്യായിരത്തോളം ഒഴിവുകള്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഒഴിവുകള്‍ സംബന്ധിച്ച വിജ്ഞാപനമാണ് പ്രസിദ്ധീകരിക്കാന്‍ പോകുന്നത്. എത്ര ഒഴിവുകള്‍ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെങ്കിലും മൂവായിരത്തോളം വരുമെന്നാണ് സൂചന.

അങ്ങനെ വന്നാല്‍ ഇത്രയും പേരെ ഒരുമിച്ച് നിയമനം നടത്തുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. നിലവില്‍ പിന്തുടര്‍ന്ന് വരുന്ന 1967 ലെ സ്റ്റാഫ് നഴ്‌സ് പാറ്റേണില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്രയും ഒഴിവുകള്‍ ഒരുമിച്ച് നികത്തുന്നതെന്നും കരുതപ്പെടുന്നുണ്ട്. നഴ്‌സുമാര്‍ക്ക് ശരിക്കും പറഞ്ഞാല്‍ ഇതൊരു സുവര്‍ണ്ണാവസരം തന്നെയാണ്. കാരണം ഇനിയും ഇത്രയും വലിയൊരു നിയമനം നടത്താന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടി വരും.

ഒരുവശത്ത് നഴ്‌സുമാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തായാണിതെങ്കിലും ഇതില്‍ ദുഃഖിക്കുന്ന ഒരു വിഭാഗവുമുണ്ട്. പ്ലസ് ടു സയന്‍സ് വിഷയം പഠിച്ചവര്‍ക്ക് മാത്രമെ ഇതില്‍ അപേക്ഷിക്കാന്‍ അവസരമുള്ളു. പ്ലസ് ടുവിന് മറ്റ് വിഷയങ്ങള്‍ പഠിച്ച ശേഷം കേരളത്തിന് പുറത്ത് നിന്നടക്കം നഴ്‌സിംഗ് പാസായവര്‍ക്ക് സര്‍ക്കാര്‍ തസ്തികകളില്‍ അപേക്ഷിക്കാന്‍ അവസരമില്ല. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ പരാതി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.