ഖത്തര്‍ സ്വദേശികളുടെ ഹജ്ജ് യാത്ര : ആശങ്ക അറിയിച്ച് ഭരണകൂടം

#

ദോഹ (19-08-17) : ഹജ്ജിനായി സൗദിയിലേക്ക് പോകുന്ന സ്വദേശികളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍ ഭരണകൂടം.  നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളുടെയും തങ്ങള്‍ക്കെതിരെ സൗദി മാധ്യമങ്ങള്‍ പരത്തുന്ന വിദ്വേഷ വാര്‍ത്തകളുടെയും പശ്ചാത്തലത്തില്‍ ഹജ്ജിനായി സൗദിയിലേക്ക് പോകുന്ന ആളുകളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി അറിയിച്ചിരിക്കുന്നത്.

ഖത്തര്‍ അതിര്‍ത്തി കടന്ന് സൗദിയിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ പിന്നീട് സൗദിയുടെ ഉത്തരവാദിത്വമാണെന്നും അവര്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ടത് സൗദി സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുമാസമായി തുടരുന്ന ഉപരോധങ്ങള്‍ക്കിടയിലും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി അതിര്‍ത്തി തുറന്നുകൊടുക്കാന്‍ സൗദി രാജാവ് അനുമതി നല്‍കിയത് രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ്. ഖത്തറില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ മുഴുവന്‍ ചിലവുകളും വഹിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. സൗദിയുടെ ഉത്തരവിനെ  സ്വാഗതം ചെയ്തുകൊണ്ടാണ് ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഖത്തര്‍ ഭരണകൂടം പ്രകടിപ്പിച്ചിരിക്കുന്നത്.