നവസാക്ഷരര്‍ അറിയാത്ത ബി.ആര്‍.പി

#

(21-08-17) : ( നിലവാരമില്ലായ്മയാണ് പൊതുവിൽ നമ്മുടെ ദൃശ്യമാധ്യമങ്ങളുടെ മുഖമുദ്ര. പൊതുജീവിതത്തിലും രാഷ്ട്രീയത്തിലുമുള്ള സജീവ താല്പര്യത്തിന്റെ ഭാഗമായി പത്രപ്രവർത്തന രംഗത്തെത്തിയ ആദ്യതലമുറയുടെ അനുഭവ പരിചയമോ അർപ്പണ മനോഭാവമോ അറിവോ മാധ്യമ പ്രവർത്തകരിൽ ബഹുഭൂരിപക്ഷത്തിനുമില്ല. മാധ്യമസ്ഥാപനങ്ങൾ സംശയത്തിന്റെ നിഴലിലും വിവാദങ്ങളുടെ നടുവിലുമാണ്. ഇതിങ്ങനെ തുടരുക ഒട്ടും ആശാസ്യമല്ല. സാമൂഹ്യ സംഘർഷങ്ങൾ രൂക്ഷമായ ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ, മാധ്യമ പ്രവർത്തകർ  ചരിത്രബോധവും സാമൂഹ്യവിജ്ഞാനവും സംവാദ മര്യാദകളും ആർജ്ജിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. മാർഗ്ഗനിർദ്ദേശങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന അധികം ആളുകൾ നമുക്കില്ല. ഈ പ്രതിസന്ധിഘട്ടത്തിൽ മലയാള മാധ്യമലോകത്തിന് ശ്രദ്ധാപൂർവ്വം ചെവികൊടുക്കാൻ കഴിയുന്ന അത്യപൂർവം പേരിലൊരാളാണ് ബി.ആർ.പി ഭാസ്കർ.)

1990 കളുടെ തുടക്കത്തോടെയാകണം പൊതുവേ മലയാളി വായനക്കാര്‍ ബി.ആര്‍.പി ഭാസ്‌കര്‍ എന്ന പേര് കേള്‍ക്കാന്‍ തുടങ്ങിയത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വി.പി.സിംഗ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെയും ഉത്തരേന്ത്യയില്‍ പടര്‍ന്നു പിടിച്ച മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ സാമുദായിക സംവരണത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ കേരളത്തിലും സജീവമാകുകയുണ്ടായി. സാമൂഹ്യ-ചരിത്രാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ടുള്ള ബി.ആര്‍.പി ഭാസ്‌കറുടെ വിലയിരുത്തലുകളാണ് ആ ചര്‍ച്ചയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. വസ്തുതകള്‍ രേഖപ്പെടുത്തുന്നതിലെ കൃത്യതയും വിശകലനത്തിലെ യുക്തിഭദ്രതയും ബി.ആര്‍.പിയുടെ വിലയിരുത്തലുകള്‍ക്ക് ആധികാരികത നല്‍കി. അലങ്കാരബദ്ധമല്ലാത്ത തെളിഞ്ഞ ഭാഷയിലാണ് അദ്ദേഹം തന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ചത്. മണ്ഡല്‍ കമ്മീഷന്‍ കാലത്തെ ആ ഇടപെടലോടെ കേരളീയ സാമൂഹിക ജീവിതത്തില്‍ പൊതുവേയും, മാധ്യമരംഗത്ത് പ്രത്യേകിച്ചും, ബി.ആര്‍.പി ഭാസ്‌കര്‍ അനിഷേധ്യമായ സാന്നിധ്യമായി മാറി.

കേരളത്തിന് പുറത്തെ ദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ച ബി.ആര്‍.പി കേരളത്തില്‍ മടങ്ങിയെത്തിയ കാലമായിരുന്നു അത്. മാതൃഭൂമി, കലാകൗമുദി തുടങ്ങിയ ആനുകാലികങ്ങളില്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ബി.ആര്‍.പിയുടെ ലേഖനങ്ങളിലെ സമീപനവും ഭാഷയും കേരളത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മാധ്യമശൈലിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഒന്നുകില്‍ യാഥാര്‍ത്ഥ്യത്തെ കറുപ്പും വെളുപ്പുമായി തിരിച്ചുള്ള അതിലഘൂകരണത്തിന്റെ ലളിതയുക്തി, അല്ലെങ്കില്‍ വസ്തുതകളെ നാടകവല്കരിച്ച് വൈകാരികമാക്കുന്ന അതിഭാവുകത്വം, എന്നിങ്ങനെ പൊതുവില്‍ രണ്ടു തരത്തിലായിരുന്നു നമ്മുടെ മാധ്യമങ്ങളിലെ സാമൂഹ്യ വിശകലനത്തിന്റെ പോക്ക്. അവയ്ക്കിടയില്‍ യുക്തിയും ചരിത്രബോധവും കറതീര്‍ന്ന ജനാധിപത്യ വീക്ഷണവുമായിരുന്നു ബി.ആര്‍.പിയുടെ ലേഖനങ്ങളെ ചരിത്ര പ്രസക്തമാക്കിയത്.

1994 ല്‍ കെ.ആര്‍.ഗൗരിയമ്മ, സി.പി.ഐ(എം) വിട്ടത്, കേരളത്തില്‍ ജാതിയും രാഷ്ട്രീയവും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. ആ ഘട്ടത്തിലും, ചര്‍ച്ചകളെ വസ്തുതാപരവും ചരിത്രനിഷ്ഠവുമാക്കുന്നതില്‍ ബി.ആര്‍.പി വഹിച്ച പങ്ക് വലുതാണ്. 1950 കളുടെ തുടക്കത്തില്‍ പി.കെ.ബാലകൃഷ്ണന്‍ ഉന്നയിച്ച വാദമുഖങ്ങളെ 4 പതിറ്റാണ്ടുകളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സമകാലികമാക്കാന്‍ ബി.ആര്‍.പിക്ക് കഴിഞ്ഞു. മുന്‍വിധികളില്‍ തളഞ്ഞു കിടക്കാതെ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണത്തിനും വിശകലനത്തിനുമാണ് ബി.ആര്‍.പി തുനിഞ്ഞത്. ഒരു ടിപ്പിക്കൽ ലിബറല്‍ ജനാധിപത്യവാദിയുടെ നിഷ്പക്ഷതയല്ല ബി.ആര്‍.പിയുടേത്. സാമൂഹ്യനീതിക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമായി തന്റെ മാധ്യമപ്രവര്‍ത്തനത്തെയും ധൈഷണിക ജീവിതത്തെയും മാറ്റിത്തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് എല്ലായ്‌പ്പോഴും നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.

കേരളത്തില്‍ ആദ്യത്തെ സ്വകാര്യചാനല്‍ ആരംഭിച്ചപ്പോള്‍ അതിന്റെ നയവും ഉള്ളടക്കവും നിര്‍ണ്ണയിക്കുന്നതിലും ബി.ആര്‍.പി, അദ്ദേഹത്തിന്റേതായ പങ്കുവഹിച്ചു. വായന ശീലമാക്കാത്ത ആളുകള്‍ ഒരുപക്ഷേ, ബി.ആര്‍.പി ഭാസ്‌കര്‍ എന്ന പേര് ആദ്യം കേള്‍ക്കുന്നത് ടി.വിയിലൂടെയായിരിക്കും. ദൃശ്യമാധ്യമരംഗത്തിന്റെ സഹജമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതില്‍ സാമൂഹ്യവിശകലനത്തിനും വസ്തുതാന്വേഷണത്തിനുമുള്ള സാധ്യതകള്‍ കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചു.

സമകാലിക കേരളത്തില്‍ മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ പ്രചാരകനാണ് ബി.ആര്‍.പി ഭാസ്‌കര്‍. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ അദ്ദേഹത്തെ സേച്ഛാധിപത്യമോഹികളുടെ നിത്യശത്രുവാക്കി. സാമൂഹ്യനീതി, ലിംഗനീതി, പൗരാവകാശം എന്നിവയിൽ  ഒരു സമരസപ്പെടലിനും അദ്ദേഹം തയ്യാറായില്ല. യാഥാസ്ഥിതികത്വത്തിന്റെ വക്താക്കള്‍ തന്നെ ശത്രുപക്ഷത്ത് കാണുന്നതില്‍ ഒരിക്കലും ദുഃഖിക്കുന്നയാളല്ല ബി.ആര്‍.പി.

വിയോജിപ്പുകളെ സ്വാഗതം ചെയ്യുകയും വ്യത്യസ്‍ത അഭിപ്രായങ്ങൾ പുലർത്തുന്നവരുമായി തുറന്ന മനസ്സോടെ സംവാദത്തിലേർപ്പെടുകയും ചെയ്യുന്ന ബി.ആർ.പി നമ്മുടെ പൊതുജീവിതത്തിൽ അനന്യമായ മാതൃകയാണ്. സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷത്തിന്റെ കലുഷമായ ഭാഷയിൽ ആക്രമിക്കുന്നവരോട് പോലും ആശയവിനിമയത്തിന് തയ്യാറാണ് അദ്ദേഹം. അസഹിഷ്ണുത അനുനിമിഷം ശക്തിപ്പെടുന്ന വർത്തമാനകാല രാഷ്ട്രീയ- സാമൂഹിക ജീവിതത്തിൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനിൽപിന് അനിവാര്യമാണ് ആ സമീപനം. പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും കടുത്ത പ്രതിസന്ധി നേരിടുന്ന പ്രയാസകരമായ ഈ ദിവസങ്ങളിൽ കേരളീയ സമൂഹം, പ്രത്യേകിച്ച് മാധ്യമലോകം സവിശേഷമായ പ്രാധാന്യത്തോടെ ചെവി കൊടുക്കേണ്ട മാധ്യമ പ്രവർത്തകനും മനുഷ്യാവകാശപ്പോരാളിയുമാണ് ബി.ആർ.പി.