കനയ്യ കുമാറിന് നേരെ ആക്രമണം : 19 ആർ.എസ്.എസ്സുകാർ അറസ്റ്റിൽ

#

കൊല്‍ക്കത്ത (22-08-17) : സി.പി.ഐയുടെ യുവജന -വിദ്യാർത്ഥി സംഘടനകളായ എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും ചേർന്ന് സംഘടിപ്പിക്കുന്ന ലോംഗ് മാര്‍ച്ചിനിടെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുൻ പ്രസിഡന്റ്  കനയ്യകുമാറിനു നേരേ സംഘപരിവാര്‍ ആക്രമണം. പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ ലോംഗ്‌മാർച്ചിന് സ്വീകരണം നൽകിയ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കനയ്യ കുമാറിന് നേർക്കു നൂറ്റിഅമ്പതിലേറെ ബി.ജെ.പി  ആര്‍.എസ് എസ്  പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.

ബി.ജെ.പി പശ്ചിമ മിഡ്‌നാപൂര്‍ ഓഫീസില്‍ സംഘടിച്ചതിനു ശേഷം അക്രമികൾ സ്വീകരണസ്ഥലത്തേക്ക് എത്തുകയായിരുന്നു. കനയ്യകുമാര്‍ ഐ എസ് ഏജന്റും രാജ്യദ്രോഹിയുമാണെന്ന് അക്രമികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. കനയ്യ പാകിസ്ഥാനിലേക്ക് പോകണമെന്നും അക്രമികള്‍ ആവശ്യപ്പെട്ടു. ബി.ജെ.പി  ആര്‍.എസ് എസ്  പ്രവര്‍ത്തകരെ നേരിടാൻ  എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ്   പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് കനയ്യകുമാറിനെ പോലീസ് സമീപമുള്ള സ്‌പോര്‍ട്‌സ് കോപ്ലക്‌സിനുള്ളിലേക്ക് കൊണ്ടുപോകുകയും  സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും 19 സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 15 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച മാർച്ച് പൂർത്തീകരിക്കാൻ അനുവദിക്കില്ലെന്നും കനയ്യകുമാറിനെ ഒരു സ്ഥലത്തും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നും ആർ.എസ്.എസ് നേതാക്കൾ ഭീഷണി മുഴക്കിയിരുന്നെങ്കിലും മധ്യപ്രദേശിലെ ധറിൽ മാത്രമാണ് സംഘപരിവാർ സംഘടനകളുടെ പ്രതിഷേധമുണ്ടായത്. കേരളം, തമിഴ്‍നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയ മാർച്ച്, സെപ്റ്റംബർ 15 ന് പഞ്ചാബിലെ ഹുസൈൻവാലയിൽ സമാപിക്കും.