ഹജ്ജിന് അനുമതി : സൗദിയുടെ നീക്കത്തെ വിമര്‍ശിച്ച് ഖത്തര്‍

#

ദോഹ (22-08-17) : ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് പ്രവേശനം അനുവദിച്ച സൗദിയുടെ തീരുമാനത്തിനെതിരെ ഖത്തര്‍. ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടരെ സൗദിയുടെ ദേശീയ വിമാന സര്‍വ്വീസുകളിലൂടെ മാത്രം ഹജ്ജിനെത്തിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ചാണ് ഖത്തര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഖത്തറിന്റെ തന്റെ വിമാന സര്‍വ്വീസുകളോ അല്ലെങ്കില്‍ ഖത്തറില്‍ നിന്നുള്ള മറ്റ് കമ്പനികളുടെ വിമാനങ്ങള്‍ക്കോ സൗദിയില്‍ പ്രവേശിക്കാനുള്ള വിലക്ക് തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് വിമര്‍ശനം. ഹജ്ജിനായി പുറപ്പെടുന്നവര്‍ അവരുടെ രാജ്യങ്ങളില്‍ നിന്നു തന്നെയുള്ള വിമാന സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തുന്നതാണ് പതിവ് രീതി. ഇത് തെറ്റിച്ചു കൊണ്ട് സൗദി നടപ്പിലാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും തീര്‍ത്ഥാടകര്‍ക്ക് അവര്‍ ഇഷ്ടമുള്ള യാത്രാ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ആറോളം ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം മൂന്നാം മാസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ചില ഇളവുകള്‍ അനുവദിക്കാന്‍ സൗദി രാജാവ് പ്രത്യേക ഉത്തരവിട്ടിരുന്നു. ഹജ്ജ് യാത്രികരെ രാജാവിന്റെ തന്നെ ചിലവില്‍ മക്കയിലെത്തിക്കുമെന്നും ഇതിനായി സൗദിയുടെ ദേശീയ വിമാനസര്‍വ്വീസുകള്‍ ഉപോഗപ്പെടുത്തുമെന്നുമാണ് അറിയിച്ചത്. ഈ ഉത്തരവിനെ ഖത്തര്‍ സ്വാഗതം ചെയ്തിരുന്നുവെങ്കിലും ഇതാദ്യമായാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.