ഖത്തറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാനൊരുങ്ങി ബഹ്‌റൈന്‍

#

മനാമ (23-08-17) : ഖത്തറിനെതിരെ പരാതിയുമായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്ന് ബഹ്‌റൈന്‍. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട ഖത്തര്‍  ഇവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്നാണ് ബഹ്‌റൈന്‍ ആരോപിക്കുന്നത്.

തീവ്രവാദം മാത്രമല്ല ആ ആശയവും അതിന് പദ്ധതി ആസൂത്രണം ചെയ്യുന്നതും അതിനെ പിന്തുണയ്ക്കുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമായാണ് അന്തരാഷ്ട്ര നിയമങ്ങളില്‍ വ്യാഖ്യാനിക്കുന്നത്. ആ സാഹചര്യത്തില്‍ ബഹ്‌റൈന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ച ഖത്തര്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടത്തിയതെന്നാണ് ബഹ്‌റൈന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അലി അല്‍ അറാദി അറിയിച്ചിരിക്കുന്നത്.

തീവ്രവാദ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി മാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണകള്‍ പരത്തി യുദ്ധസമാനമായ സാഹചര്യം ഒരുക്കുക എന്ന നാലാം തലമുറ യുദ്ധക്കുറ്റങ്ങളാണ് ഖത്തര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.  ബഹ്‌റൈന്‍ വിഷയത്തില്‍ ഖത്തര്‍ നടത്തിയ നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതി യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്ക്കും നല്‍കാനായി  ഖത്തര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സുക്ഷ്മ വിശകലനം നടത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.