പൊരുതാനുറച്ച് ഖത്തര്‍ : ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു

#

ദോഹ (24-08-17) : ഉപരോധങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങാനില്ലെന്ന് ഉറപ്പിച്ച് ഖത്തര്‍. ഇറാനുമായുള്ള എല്ലാ ബന്ധങ്ങളും പുനഃസ്ഥാപിച്ചു കൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധ ഭീഷണിയ്ക്ക് മുന്നില്‍ കീഴടങ്ങാനില്ലെന്ന് ഖത്തര്‍ പരോക്ഷമായി അറിയിച്ചിരിക്കുന്നത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങി ആറോളം ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന എന്നാരോപിച്ച് ഈ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ചില ഉപാധികളോടെ പിന്‍വലിക്കാമെന്ന് അറിയിച്ചിരുന്നു. ഇറാനുമായുള്ള ബന്ധങ്ങള്‍ കുറച്ചു കൊണ്ടു വന്ന് അവസാനിപ്പിക്കുക എന്നതായിരുന്നു ഉപാധികളില്‍ ഒന്ന്. അന്നു തന്നെ ഈ ഉപാധി വ്യവസ്ഥ അംഗീകരിക്കില്ലെന്നറിയിച്ച ഖത്തര്‍ കഴിഞ്ഞ ദിവസമാണ് ഇറാനുമായി എല്ലാവിധ ബന്ധങ്ങളും ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാനുമായി എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വൈകാതെ തന്നെ ഖത്തറിന്റെ അംബാസഡര്‍ ഇറാനിലെ നയതന്ത്ര ജോലികള്‍ക്കായി തിരികെ പ്രവേശിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഉപരോധം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് ഇറാനുമായുള്ള ബന്ധം ദൃഢപ്പെടുത്താനുള്ള ഖത്തറിന്റെ നീക്കം പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.